ഇന്‍ഡോര്‍: ഐസിസി വനിതാ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ച് മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് സെമി ഫൈനലിലെത്തി. നിര്‍ണായക മത്സരത്തില്‍ അനായാസ വിജയത്തിലേക്ക് എന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് ഇന്ത്യ നാല് റണ്‍സിനു തോറ്റത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ജയിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി മൂന്നുകളികളില്‍ തോല്‍ക്കുകയായിരുന്നു. ഇത് മൂന്നാമത്തെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സില്‍ ഒതുങ്ങി.
ആദ്യ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഓപ്പണര്‍ പ്രതിക റാവല്‍, ഹാര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്കു നഷ്ടമായി. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ എന്ന അവസ്ഥയില്‍ നിന്ന് ഇന്ത്യയെ കൈപിടിച്ച കയറ്റിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ ചേര്‍ന്നായിരുന്നു. ഹര്‍മന്‍ 70 റണ്‍സും സ്മൃതി 88 റണ്‍സും കൊയ്തു. ഹര്‍മന്‍ പുറത്തായപ്പോഴെത്തിയ ദീപ്തി ശര്‍മയും അര്‍ധ സെഞ്ചുറി നേടി. അവസാന മൂന്ന് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് വെറും 27 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ അതു സ്വന്തമാക്കാന്‍ ഇന്ത്യയുടെ വാലറ്റക്കാര്‍ക്കു കഴിഞ്ഞതേയില്ല.
ഇനി ന്യൂസീലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ഇന്ത്യയ്ക്ക് രണ്ടു കളികള്‍ കൂടി ബാക്കിയുണ്ട്.

