ന്യൂഡല്‍ഹി: ട്രെയിനിലെ ഫുഡ് കണ്ടെയ്‌നറുകള്‍ കാറ്ററിങ് ജീവനക്കാര്‍ വീണ്ടും ഉപയോഗിക്കുന്നതിനായ കഴുകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇവ പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി റെയില്‍വേ നേരിട്ട് രംഗത്തെത്തി. തമിഴ്‌നാട്ടില്‍ നിന്നു ബീഹാറിലേക്കു പോയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നിരിക്കുന്നത്.
ദൃശ്യങ്ങളില്‍ കാണുന്ന ജീവനക്കാരനെ ജോലിയില്‍ നിന്നു മാറ്റിയെന്നും ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നുമാണ് റെയില്‍വേ അറിയിച്ചത്. കമ്പനിക്ക് കനത്ത പിഴ ചുമത്തുമെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റെയില്‍വേയും കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കി.

