ട്രംപിനെതിരേ അമേരിക്കന്‍ ജനത, 2700 നഗരങ്ങളില്‍ പ്രതിഷേധം, 75 ലക്ഷം പേര്‍ തെരുവില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിരീടം വച്ച് എഐ വീഡിയോ പുറത്തിറക്കിയതിന് വേണ്ടുവോളം ഫലം ചെയ്യാനായെന്ന് അമേരിക്കയിലെങ്ങും ഇപ്പോള്‍ ആളിപ്പടരുന്ന ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍ തെളിയിക്കുന്നു. ഈ പ്രതിഷേധങ്ങളുടെ മുദ്രാവാക്യം തന്നെ നോ കിംഗ്‌സ് എന്നാണ്. ട്രംപ് രാജാവാകാന്‍ നോക്കിയാല്‍ ജനങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന അര്‍ഥത്തിലാണ് ഈ മുദ്രാവാക്യം തിരഞ്ഞെടുത്തിരിക്കുന്നത്. സിവിള്‍ ലിബര്‍ട്ടീസ് യൂണിയനാണ് പ്രതിഷേധങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്. 2700 നഗരങ്ങളിലായി കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരേ എഴുപതു ലക്ഷത്തിലധികം ജനങ്ങള്‍ തെരുവിലിറങ്ങിയെന്നാണ് കണക്കാക്കുന്നത്.

ന്യൂയോര്‍ക്ക്, വാഷിങ്ടന്‍, ചിക്കാഗോ, മയാമി, ലോസ് ആഞ്ചലസ്, ബോസ്‌ററണ്‍, അറ്റ്‌ലാന്റ തുടങ്ങിയ വന്‍നഗരങ്ങളില്‍ അനേക ലക്ഷങ്ങളാണ് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. യുഎസിന്റെ ഭരണം മസ്‌ക് ഏറ്റെടുക്കുന്നതു തടയുകയും അഴിമതി അവസാനിപ്പിക്കുകയും വേണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, കുടിയേറ്റക്കാര്‍, ട്രാന്‍സ്ജന്‍ഡറുകള്‍ തുടങ്ങിയവര്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.