സിഡ്നി: ഓസ്ട്രേലിയയില്‍ രാജ്യവ്യാപകമായി പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നുവെന്നും ഇതുവരെ അനുവദനീയമായിരുന്ന പല കാര്യങ്ങള്‍ക്കും ഇനി മുതല്‍ വലിയ പിഴ ഒടുക്കേണ്ടി വരുമെന്നുമുള്ള രീതിയില്‍ വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും അധികൃതര്‍. വാഹനം ഓടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നതും പുകവലിക്കുന്നതും ലഹരിയില്ലാത്ത പാനീയങ്ങള്‍ കുടിക്കുന്നതുമെല്ലാം പിഴ വിളിച്ചുവരുത്തുമെന്നുമുള്ള രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍.
ഭക്ഷണം കഴിക്കുന്നതും ലഹരിയില്ലാത്ത പാനീയങ്ങള്‍ കുടിക്കുന്നതുമെല്ലാം ക്വീന്‍സ്ലാന്‍ഡില്‍ നിയമവിരുദ്ധമല്ല. ലഹരിയല്ലാതെ വാഹനമോടിക്കുമ്പോള്‍ കുറ്റകരമാകുന്നത് നേരത്തെ മുതല്‍ കുറ്റകരമായ കാര്യങ്ങള്‍ തന്നെയാണ്. അശ്രദ്ധമായ ഡ്രൈവിങ് അന്നും ഇന്നും കുറ്റകരം തന്നെയാണ്. പതിനാറു വയസില്‍ താഴെ പ്രായമുള്ള കുട്ടിയാത്രക്കാര് വാഹനത്തിലുണ്ടെങ്കില്‍ പുകവലിച്ചു കൂടാ. നിയമം നേരത്തെയും അങ്ങനെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന് 667 ഡോളര്‍ പിഴ പണ്ടുമുണ്ട്, ഇപ്പോഴുമുണ്ട്. ഇതിനു മൂന്നു ഡീമെറിറ്റ് പോയിന്റ് കിട്ടുകയും ചെയ്യും.
ന്യൂസൗത്ത് വെയില്‍സിലും നിയമം ഇങ്ങനെ തന്നെയാണ്. അശ്രദ്ധമായ ഡ്രൈവിങ്ങിന് കൃത്യമായ പൊതു നിയമമൊന്നുമില്ല. ഓരോരുത്തരുടെയും ഡ്രൈവിങ്ങിനെ നിരീക്ഷിച്ചാണ് അശ്രദ്ധമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. അനാവശ്യമായി സൈഡ് കൊടുക്കാതിരിക്കുന്നതും അപായകരമായ റോഡ് സാഹചര്യങ്ങളെ അവഗണിക്കുന്നതും കുറ്റകരമാണ്. അശ്രദ്ധമായ ഡ്രൈവിങ്ങിന് 481 ഡോളറാണ് എന്‍എസ്ഡബ്ല്യൂവില്‍ പിഴ. ഇങ്ങനെ വാഹനം ഓടിച്ച് അപകടം വിളിച്ചുവരുത്തിയാല്‍ പതിനെട്ടു മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ നിയമവും ഇതേ രീതിയില്‍ തന്നെയുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ അടുത്തകാലത്ത് ശിക്ഷിച്ച ഏക സംഭവം നടന്നത് പെര്‍ത്തിലാണ്. പത്തൊമ്പതു വയസായ ഒരു യുവതി രണ്ടു കൈകള്‍കൊണ്ടും സീറിയല്‍ കഴിച്ചുകൊണ്ട് വാഹനം ഓടിച്ചതിന് പോലും ശിക്ഷ ലഭിച്ചത് അശ്രദ്ധമായ ഡ്രൈവിങ്ങിനുള്ളതായിരുന്നു. അല്ലാതെ ഭക്ഷണം കഴിച്ചതിനുള്ളതായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

