ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനമായ തേജസ് മാര്‍ക്ക് 1എ (എംകെ1എ)യുടെ ആദ്യ പരീക്ഷണ പറക്കല്‍ നാസിക്കില്‍ കഴിഞ്ഞതേയുള്ളൂ, പല രാജ്യങ്ങളും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. എച്ച്എഎല്‍ ചെയര്‍മാന്‍ ഡി കെ സുനില്‍ അറിയിച്ചതാണ് ഇക്കാര്യം.
എച്ച്എഎല്ലിന്റെ നാസിക് പ്ലാന്റിലാണ് തേജസ് എംകെ 1എ നിര്‍മിച്ചത്. ഇതിന്റെ ആദ്യ പരീക്ഷണ പറക്കലും നാസിക്കില്‍ തന്നെയായിരുന്നു. രണ്ടു വര്‍ഷം കൊണ്ടാണ് ഈ വിമാനം നിര്‍മിക്കുന്നത്. ഇനി ഇതേ ശ്രേണിയിലുള്ള രണ്ടു വിമാനങ്ങള്‍ കൂടി നിര്‍മാണഘട്ടത്തിലാണ്. 2032 ആകുമ്പോഴേക്ക് ഇത്തരത്തില്‍ 180 വിമാനം നിര്‍മിക്കാനുള്ള ശേഷി കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ രണ്ടാം ഘട്ടം വിമാനങ്ങള്‍ പരീക്ഷണഘട്ടത്തിലുമാണ്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ആദ്യ പറക്കല്‍. ആകാശത്തേക്ക് വിമാനം പറന്നു പൊങ്ങിയതും ജലപീരങ്കികള്‍ ആചാരപൂര്‍വം വെള്ളം ചീറ്റിച്ചു. മണിക്കൂറില്‍ 2200 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ ഈ വിമാനത്തിനു സാധിക്കും. യുഎസ് നിര്‍മിത എന്‍ജിനാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 13300 കിലോഗ്രാമാണ് ഭാരം. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്. മിസൈലുകള്‍ അടക്കം നാലു ടണ്‍ പോര്‍മുന വഹിക്കുകയും ചെയ്യും.

