ലോകകപ്പ് പടിക്കല്‍, കാശുണ്ടാക്കാന്‍ നാടുചുറ്റിക്കളിച്ച് അര്‍ജന്റീന സമയം കളയുകാണെന്ന്

കൊച്ചി: അര്‍ജന്റീനയുടെ കളിക്കായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നതു വെറുതെയാകുമോ. ഇതുവരെ മെസിയും സംഘവും വരുമെന്നു തറപ്പിച്ചു പറയാറായിട്ടില്ല. കാരണം, ടീമിന്റെ അനാവശ്യ റോന്തു ചുറ്റലില്‍ നാട്ടില്‍ തന്നെ എതിര്‍പ്പ് ഉയരുന്നതായാണ് സൂചനകള്‍. സൗഹൃദ മത്സരം എന്ന പേരില്‍ ബിസിനസ് ട്രിപ്പുകളാണ് കുറേ നാളുകളായി അര്‍ജന്റീന നടത്തി വരുന്നത്. ഇതൊക്കെ ലോകകപ്പ് അടുത്തു വരുമ്പോള്‍ നേരം പാഴാക്കുന്ന പരിപാടികളാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. കളിയറിയാത്ത സംഘാടകരും നിലവാരമില്ലാത്ത എതിരാളികളും ഒക്കെ സഹിക്കാമെന്നു വച്ചാലും അടുത്ത കാലത്തായി കാണികളില്ലാത്ത സ്റ്റേഡിയങ്ങള്‍ കൂടിയാണ് ലഭിക്കുന്നത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനമുണ്ടാകില്ലെന്ന് അന്നാട്ടിലെ മാധ്യമങ്ങള്‍ പറയുന്നത്.

ഇപ്പോഴാണെങ്കില്‍, ലോകകപ്പ് യോഗ്യത അര്‍ജന്റീന നേരത്തെ തന്നെ ഉറപ്പിച്ചതാണ്. അതു കഴിഞ്ഞാണ് പണം കൊയ്യാനായി സൗഹൃദ മത്സരങ്ങളെന്ന പേരില്‍ ലോകം ചുറ്റാനിറങ്ങുന്നത്. ഇത്തരം മത്സരങ്ങളില്‍ എതിരാളികളായി ലഭിക്കുന്നത് നിലവാരം കുറഞ്ഞ ടീമുകളെയാണെന്നും അവരുമായി കളിക്കുന്നത് ടീമിനു ഗുണമൊന്നും ചെയ്യില്ലെന്നുമാണ് പ്രധാന വിമര്‍ശനം. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞതാണ്. അതിനു ശേഷം ആദ്യം നേരിട്ടത് വെനിസ്വേലയെയും അടുത്തതായി പ്യൂര്‍ട്ടോറിക്കയെയുമായിരുന്നു. ഇരു രാജ്യങ്ങളും ആഗോള റാങ്കിങ്ങില്‍ വളരെ പിന്നിലാണ്. കാണികളുടെ എണ്ണവും തീരെ കുറവ്. അവസാന നിമിഷം വേദി പോലും മാറേണ്ടതായി വന്നു. ഇതെല്ലാം വെറും വേസ്റ്റ് പരിപാടിയാണെന്ന ചിന്തയാണ് അതോടെ രൂപപ്പെട്ടിരിക്കുന്നത്.