ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം വലവിരിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ തട്ടിപ്പിനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതിയുടെ വിധികള്‍ പോലും വ്യാജമായി നിര്‍മിച്ച് തട്ടിപ്പിനു കളമൊരുക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍. ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തമായ നടപടികളാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവര്‍ നിര്‍ദേശിച്ചു.
ഈ കേസിന്റെ തുടര്‍ ഘട്ടങ്ങളില്‍ സിബിഐയുടെ സഹകരണവും അറ്റോര്‍ണി ജനറലിന്റെ സഹായവും ഉണ്ടായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ പേരുകള്‍ ഉപയോഗിച്ചും സീലുകള്‍ വ്യാജമായി നിര്‍മിച്ചും തട്ടിപ്പുകള്‍ക്ക് അവസരമൊരുക്കുന്നതിനെ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഇത്തരം വഞ്ചനകളെ സാധാരണ ക്രൈമുകളുടെ നിലവാരത്തിലോ വഞ്ചനകളുടെ സ്വഭാവത്തിലോ കാണാനാവില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ജീവിതത്തിലെ ആകെ സമ്പാദ്യമായിരുന്ന ഒന്നര കോടി രൂപ ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായ അംബാല സ്വദേശികള്‍ സുപ്രീംകോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുക്കുന്നത്.

