സിഡ്‌നി: ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിഎസ്‌സി കപ്പ് 2025 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 1-ന് സെവന്‍ ഹില്‍സ് ലാന്‍ഡന്‍ സ്റ്റേഡിയത്തില്‍ വെച്ച് കാന്റര്‍ബറി സ്‌പോര്‍ട്ടിങ് ക്ലബ് സംഘടിപ്പിക്കുന്നു. ബ്ലാക്ക് ടൗണ്‍ എഫ്‌സി ടീമിന്റെ ഹോം ഗ്രൗണ്ട് കൂടിയായ ഈ ഗ്രൗണ്ടില്‍ വിപുലമായ പരിപാടികളോടു കൂടിയാണ് പത്താം വാര്‍ഷിക കപ്പ് ആഘോഷമാക്കുന്നത്.
ഒAll ages, 35+Senior എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ 7-a-side ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയില്‍ അങ്ങോളമിങ്ങോളമുള്ള 16 ടീമുകളാണ് മാറ്റുരക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വാശിയേറിയ മത്സരങ്ങള്‍ വൈകീട്ട് സമ്മാനദാനത്തോടെ അവസാനിക്കും. രണ്ട് വിഭാഗങ്ങളിലും ഈ വര്‍ഷത്തെ വിജയികളെയും റണ്ണേഴ്‌സ് അപ്പിനെയും CSC ട്രോഫിയുടെ കൂടെ ആകര്‍ഷകമായ ക്യാഷ് പ്രൈസും കാത്തിരിക്കുന്നു.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി കാന്റര്‍ബറി സ്‌പോര്‍ട്ടിങ് ക്ലബ് സിഡ്‌നിയിലെ സമൂഹത്തിനകത്തും പുറത്തും ഫുട്‌ബോളിന്റെ ആവേശം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കുന്നു. ഫുട്‌ബോള്‍ മുഖേന യുവാക്കള്‍ക്ക് പ്രചോദനമാകാനും സമൂഹത്തെ ഒരുമിപ്പിക്കാനും ക്ലബ്ബ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കായികരംഗത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കാളിയാകുന്ന കാന്റര്‍ബറി സ്‌പോര്‍ട്ടിങ് ക്ലബ്, ശക്തമായ സാമൂഹിക സാന്നിധ്യമായി മാറിയിട്ടുണ്ട്. മൈതാനത്തിനകത്തും പുറത്തും ടീം സ്പിരിറ്റിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ ക്ലബ്ബ് മാതൃകാപരമാണ്.
സിഡ്‌നിയിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും ഈ ആവേശകരമായ ഫുട്‌ബോള്‍ മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കണ്‍വീനര്‍ ഷഫര്‍ സുലൈമാന്‍ അറിയിച്ചു.

