പ്രായം മുന്നോട്ടാണോ, വണ്ടിയെടുക്കുന്നതിനു മുമ്പ് ഈ നിയമങ്ങള്‍ അറിഞ്ഞിരിക്കുക

സിഡ്‌നി: സീനിയര്‍ ഡ്രൈവര്‍മാര്‍ക്കായി ഓസ്‌ട്രേലിയ ഇക്കൊല്ലം മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. ഒരോരുത്തരുടെയും സ്വാതന്ത്ര്യം തടയാതെ സുരക്ഷിതത്വം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. മാറ്റങ്ങള്‍ പ്രധാനമായും കാഴ്ച, പെട്ടെന്നുള്ള പ്രതികരണം, പെട്ടെന്നു തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുമായി ബന്ധപ്പെട്ടുള്ളവയാണ്. പ്രായം കൂടുന്നതനുസരിച്ച് ഇക്കാര്യങ്ങളിലാണ് പലപ്പോഴും മാറ്റങ്ങള്‍ വരുന്നത്.

ഓസ്‌ട്രേലിയയിലെ ഓരോ സംസ്ഥാനവും മുതിര്‍ന്ന ഡ്രൈവര്‍മാര്‍ക്കായി പ്രത്യേകം നിബന്ധനകളാണ് പാലിക്കുന്നത്. എഴുപതു കഴിയുന്ന എല്ലാവരും സ്വന്തം സംസ്ഥാനത്തെ നിയമങ്ങള്‍ സംബന്ധിച്ച് അവബോധമുള്ളവരായിരിക്കണം.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ
എണ്‍പതു കഴിഞ്ഞ ഡ്രൈവര്‍മാര്‍ വാര്‍ഷിക വൈദ്യ പരിശോധന നടത്തണം. ഇത്തരം ടെസ്റ്റുകളില്‍ കാഴ്ചശക്തി, ചലനശേഷി, പൊതുവായ ആരോഗ്യം എന്നിവയാണ് പരിശോധിക്കുന്നത്. ഇതിനിടെ ഏതെങ്കിലും ഡോകടര്‍ ആശങ്ക പ്രകടിപ്പിക്കുന്ന പക്ഷം ഡ്രൈവിങ് പ്രായോഗിക പരീക്ഷയ്ക്ക് വിധേയനാകേണ്ടി വരും.

ക്വീന്‍സ്‌ലാന്‍ഡ്
എഴുപത്തഞ്ചു വയസ് കഴിയുന്ന എല്ലാവരും ഡ്രൈവിങ് ലൈസന്‍സിനായി പ്രത്യേകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കേണ്ടതുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത കാലം തോറും പുതുക്കുകയും വേണം.

ന്യൂ സൗത്ത് വെയില്‍സ്
എണ്‍പത്തഞ്ചു വയസ് കഴിയുന്നതോടെ ഡ്രൈവര്‍മാര്‍ പരിമിത ലൈസന്‍സിലേക്കു മാറും. അതതു പ്രദേശത്തു മാത്രം വാഹനം ഓടിക്കാനുള്ള അനുവാദം, പകല്‍ സമയത്തു മാത്രം വാഹനമോടിക്കാനുള്ള അനുവാദം എന്നിവയാണ് പരിമിത ലൈസന്‍സ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

വിക്ടോറിയ
ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് പ്രത്യേക പ്രായമൊന്നും നിശ്ചയിച്ചിട്ടില്ല. സുരക്ഷിതത്വത്തെ ബാധിക്കുന്ന വൈദ്യശാസ്ത്രപരമായ സാഹചര്യങ്ങളുണ്ടെന്നു ബോധ്യമായാല്‍ ഡ്രൈവര്‍മാര്‍ സ്വയം അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. ഡിമെന്‍ഷ്യ, കാഴ്ചശേഷിക്കുറവ്, ചലനസംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയാണ് വൈദ്യശാസ്ത്രപരമായ സാഹചര്യങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രായോഗിക ഡ്രൈവിങ് പരിശോധന എന്നാല്‍
ഈ പരിശോധനയില്‍ പ്രത്യേകമായി നിരീക്ഷിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
റോഡ് നിയമങ്ങളും ട്രാഫിക് അടയാളങ്ങളും എങ്ങനെ പാലിക്കുന്നു എന്നത്.
സ്പീഡ്, ലെയിന്‍ മാറ്റം, പല റോഡുകളില്‍ നിന്നു വരുന്ന വാഹനങ്ങളോടു ചേര്‍ന്നു പോകുന്നത് തുടങ്ങിയ കാര്യങ്ങള്‍
വളരെ വ്യത്യസ്തമായ റോഡ് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി.

ഇത്തരം പരിശോധനകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്താനാവുന്നില്ലെങ്കില്‍ ലൈസന്‍സിനുമേല്‍ ഏതാനും പരിമിതികള്‍ നിശ്ചയിക്കപ്പെട്ടേക്കാം.
പകല്‍ സമയത്ത് മാത്രം ഡ്രൈവിങ്, പ്രാദേശികമായി മാത്രം ഡ്രൈവിങ്, ഓട്ടമാറ്റിക് വാഹനങ്ങളില്‍ മാത്രം ഡ്രൈവിങ് എന്നിവയൊക്കെയാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍.

മുതിര്‍ന്ന ഡ്രൈവര്‍മാര്‍ക്ക് സഹായകമായ ഏതാനും അറിവുകള്‍
രാത്രി ഡ്രൈവിങ് ഒഴിവാക്കുക,
വണ്ടി ഓടിക്കുന്നതിനിടയില്‍ ചെറിയ ബ്രേക്കുകള്‍ എടുക്കുക,
കാഴ്ച ശക്തി പതിവായി പരിശോധിക്കുക,
ശാരീരികമായ ആരോഗ്യം സൂക്ഷിക്കുക
യാത്ര പോകേണ്ട റൂട്ടുകള്‍ നേരത്തെ തീരുമാനിക്കുക
ബദല്‍ റൂട്ടുകള്‍ കണ്ടു വയ്ക്കുക