ബ്രിസ്‌ബേന്‍: ഗോള്‍ഡ് കോസ്റ്റ് മേഖലയില്‍ അഞ്ചാം പനിക്കെതിരേ ജാഗ്രതാ നിര്‍ദേശം. ക്ലോവര്‍ ഹില്‍ സ്‌റ്റേറ്റ് സ്‌കുളിലെ ഒരു വിദ്യാര്‍ഥിക്ക് അഞ്ചാം പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേഖലയിലാകെ അഞ്ചാം പനിക്കെതിരേ പ്രത്യേക ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. പനി ബാധിച്ച വിദ്യാര്‍ഥി അതിനു ശേഷം ഒക്ടോബര്‍ ഏഴിന് ഒരു ദിവസം മാത്രമാണ് സ്‌കൂളില്‍ ഹാജരായിരുന്നത്. എന്നാല്‍ പോലും പലര്‍ക്കും പകരുന്നതിന് ഇത്രയും ചെറിയ സമയം മതിയാകുന്നതിനാലാണ് പ്രദേശത്താകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് ഇതേ വിദ്യാര്‍ഥി പൊതു ഗതാഗത സംവിധാനങ്ങള്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. അതും രോഗവ്യാപനത്തിനു കാരണമാകാമെന്നു സംശയിക്കുന്നു. സ്‌കൂളില്‍ വന്ന ദിവസം വിദ്യാര്‍ഥി ടുലിപ്വുഡ് ഡ്രൈവില്‍ നിന്ന് ബോനോജിന്‍ വഴിയാണ് ഒസ്റ്റിന്‍ വില്ലേയിലേക്കും തിരികെ ക്ലോവര്‍ ഹില്‍ സ്‌കൂളില്‍ നിന്ന് വീടിരിക്കുന്ന ഓസ്റ്റിന്‍ വില്ലേയിലേക്കും സഞ്ചരിച്ചത്.
അതിവേഗം പടരുന്ന രോഗങ്ങളുടെ ഗണത്തിലാണ് അഞ്ചാം പനിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുമയ്ക്കുക, മൂക്ക് ചീറ്റുക, മൂക്കില്‍ നിന്നോ വായില്‍ നിന്നോ വരുന്ന സ്രവങ്ങള്‍ പുരണ്ട കൈകൊണ്ട് സ്പര്‍ശിക്കുക തുടങ്ങിയ ഏതു കാരണം കൊണ്ടും രോഗം പടരാം. ഇത്തരം സ്രവങ്ങള്‍ പുരണ്ട കൈകള്‍ കൊണ്ട് രോഗി സ്പര്‍ശിച്ചയിടങ്ങളില്‍ പിന്നീട് സ്പര്‍ശിക്കുന്നവര്‍ക്കും രോഗബാധയ്ക്കു സാധ്യതയുണ്ട്. വൈറസ് രോഗമായതിനാല്‍ ചികിത്സിച്ചു ഭേദമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പ്രശ്‌നമാകാം.

