സിഡ്‌നി: മറ്റു പല കാര്യങ്ങള്‍ക്കും പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നു പറയാനായേക്കും. എന്നാല്‍ ഒരു കുഞ്ഞിന്റെ അച്ഛനാകുന്ന കാര്യം വരുമ്പോള്‍ പ്രായം വെറുമൊരു സംഖ്യ മാത്രമല്ലെന്നു പറയാന്‍ വരട്ടെ, ഓസ്‌ട്രേലിയയില്‍ ഒരു പക്ഷേ, ഏറ്റവും കൂടിയ പ്രായത്തില്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയ ഡോ. ജോണ്‍ ലെവിന്‍ എങ്കിലും ഇക്കാര്യം നിഷേധിക്കും. കാരണം ഇപ്പോള്‍ 93 വയസ് പ്രായമുള്ള ലെവിന് അവസാനത്തെ കുഞ്ഞ് ജനിക്കുന്നത് 91ാം വയസില്‍. എന്നു മാത്രമല്ല, ഇനിയും കുഞ്ഞുങ്ങള്‍ വേണമെന്ന നിലപാടിലുമാണ് ഈ സൂപ്പര്‍ സീനിയര്‍ പിതാവ്.

കുഞ്ഞിനു ജന്മമേകുന്ന കാര്യത്തില്‍ മാത്രമല്ല, മറ്റു പലതിലും ലെവിനു പ്രായം വെറും സംഖ്യ മാത്രം. ഈ പ്രായത്തിലും നിത്യേന ജിമ്മില്‍ പോയി ആരെക്കാളും മികച്ച രീതിയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിലും തിരക്കേറിയ ജനറല്‍ പ്രാക്ടീഷണറായി പഠിച്ച തൊഴില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലുമൊക്കെ ഇദ്ദേഹത്തിനു പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. അതുപോലെ തന്നെയാണ് അച്ഛനാകുന്ന കാര്യത്തിലുമെന്നു കണക്കുകൂട്ടിയാല്‍ മതി.

അവസാനത്തെ കുട്ടിയോടൊപ്പം എത്ര കാലത്തോളം കഴിയാനാകുമോ അത്രയും കാലത്തോളം കഴിയണമെന്ന ആഗ്രഹമാണ് ഇദ്ദേഹത്തിനുള്ളത്. അതിന്റെ ഭാഗമാണ് വര്‍ക്ക്ഔട്ടും ചിട്ട തെറ്റാത്ത ജീവിതവുമെല്ലാം. ലെവിന് നിലവില്‍ മൂന്നു മക്കളും പത്തു കൊച്ചുമക്കളും ഒരു കൊച്ചുമകന്റെ മകനുമാണുള്ളത്. പ്രായത്തില്‍ ഏറ്റവും ഇളയവനായി വരുന്ന ഗാബി ഇവരില്‍ ചിലര്‍ക്ക് സഹോദരനാണെങ്കില്‍ ചിലര്‍ക്ക് ചെറിയച്ഛനും ഒരാള്‍ക്ക് ചെറുചെറിയച്ഛനുമായിവരും. ലെവിന്റെ ആദ്യ ഭാര്യ അമ്പത്തേഴാം വയസില്‍ മരിച്ചതിനു ശേഷമാണ് ഗാബിയുടെ അമ്മയായി മാറിയ ഇപ്പോഴത്തെ ഭാര്യ യാനിയിങ്ങിനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും.ചൈനീസ് വംശജയാണ് യാനിയിങ്. 2014ല്‍ ആയിരുന്നു രണ്ടാം വിവാഹം. ലെവിന്റെ ചൈനീസ് ട്യൂട്ടറായിരുന്നു യാനിയിങ്. അമ്പത്താറു വയസിന് ഇളപ്പം.
പ്രായം ചെന്ന ലെവിന് സഹായമെന്നോണം പലപ്പോഴും നീട്ടിയ കൈ പക്ഷേ അദ്ദേഹം പിന്നീട് വിട്ടില്ലെന്നു മാത്രം. അങ്ങനെയായിരുന്നു ഇവരുടെ പ്രണയത്തിന്റെ നാളുകള്‍.യാനിയിങ്ങിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഇലക്ട്രിക് ഷോക്ക് പോലെയായിരുന്നു ലെവിന്‍ സ്വന്തം ജീവിതത്തിലേക്കു കടന്നുവന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണെങ്കിലും സ്വന്തമായൊരു കുട്ടിവേണമെന്ന് ഇവര്‍ ഇരുവരും ചേര്‍ന്നു തീരുമാനിക്കുകയായിരുന്നു. ഐവിഎഫ് മുഖേനയായിരുന്നു ഗാബിയുടെ ജനനം. തൊണ്ണൂറു പിന്നിട്ടിരിക്കുന്ന ലെവിന്‍ ലോകത്തോടു വിടപറഞ്ഞാലും തനിക്ക് ആരെങ്കിലുമുണ്ടാകണമെന്ന ആഗ്രഹത്തിലാണ് ഗാബിയെ യാനിയിങ് വളര്‍ത്തുന്നത്.
വര്‍ഷങ്ങളായി വാര്‍ധക്യത്തെ അകറ്റിനിര്‍ത്തുന്നതിനുള്ള ഉപായങ്ങളില്‍ ഗവേഷണം നടത്തുന്ന ജോണ്‍ മനുഷ്യ വളര്‍ച്ചാ ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നുമുണ്ട്. അനേക ദശകങ്ങളായി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് ഒരു യൂണിറ്റ് വീതം ഹോര്‍മോണ്‍ ലെവിന്‍ സ്വയം കുത്തിവയ്ക്കും. ഇപ്പോഴത്തെ രീതിയിലാണെങ്കില്‍ ചുരുങ്ങിയത് 105 വയസു വരെയെങ്കിലും താന്‍ ജീവിച്ചിരിപ്പുണ്ടാകുമെന്നാണ് ലെവിന്റെ കണക്കുകൂട്ടല്‍. അതിനു മുമ്പ് ഒരു മകള്‍ കൂടിയെങ്കിലും ജനിക്കണമെന്ന ആഗ്രഹവും ബാക്കി.

