സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സ് തലസ്ഥാനമായ സിഡ്‌നി ഗുണ്ടകളുടെയും അക്രമികളുടെയും സങ്കേതമാകുന്നോ എന്ന സംശയമുണര്‍ത്തി വ്യാഴാഴ്ച രാത്രി ഇരുപതു മിനിറ്റിന്റെ ഇടവേളിയില്‍ രണ്ടിടത്ത് വെടിവയ്പ്. പടിഞ്ഞാറന്‍ സിഡ്‌നിയിലാണ് രണ്ടു സംഭവങ്ങളും നടക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആദ്യ വെടിവയ്പ് നടക്കുന്നത് രാത്രി ഒരു മണിയോടെയാണ്. പ്രെസ്റ്റണ്‍സിലെ ബ്ലൂഗം അവന്യൂവിലാണ് ആദ്യ സംഭവം. അജ്ഞാതരായ ഏതാനും പേര്‍ വാഹനത്തില്‍ സ്ഥലത്തെത്തുകയും ഒരു വീടിനു നേരേ രണ്ടു തവണ നിറയൊഴിക്കുകയുമായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. എമര്‍ജന്‍സി സര്‍വീസസിലേക്കു വിളിയെത്തിയപ്പോള്‍ തന്നെ പോലീസ് സംഭവ സ്ഥലത്തു കുതിച്ചെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വെടിവയ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
രണ്ടാമത്തെ വെടിവയ്പ് നടക്കുന്നത് രാത്രി 1.20നാണ്. വെസ്റ്റ് ഹോക്‌സ്റ്റണിലായിരുന്നു ഇത്തവണ അക്രമി സംഘത്തിന്റെ വിളയാട്ടം. അവിടെ തുറസായ സ്ഥലത്ത് അന്തരീക്ഷത്തിലേക്കായിരുന്നു വെടിവയ്പ്. ജനങ്ങളെ ഭയപ്പെടുത്തി സമൂഹത്തില്‍ ഭീതിവിതയ്ക്കുക എന്നതാകാം വെടിവയ്പിനു കാരണമെന്നു പോലീസ് വിലയിരുത്തുന്നു. ഇവിടെയും പ്രധാന റൗണ്ട് എബൗട്ടിനു സമീപം മറ്റ് ആള്‍ക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു കാറിലെത്തിയ സംഘത്തിന്റെ തോക്കുപ്രയോഗം. പോലീസ് അതിവേഗം സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രണ്ടു സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

