മെല്‍ബണ്‍: വനത്തിനുള്ളില്‍ വഴിതെറ്റി ഒമ്പതു ദിവസം അലഞ്ഞ കടുത്ത പ്രമേഹബാധിതനായ സീനിയര്‍ സിറ്റിസന്‍ അദ്ഭുതകരമായി ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ജിപ്സ്ലാന്ഡ് മേഖലയിലെ വനമേഖലയ്ക്കു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് തീരെ അവശനിലയിലായ ട്രോയി മില്‍നെ എന്ന അറുപത്തൊന്നുകാരനെ കണ്ടെത്തുന്നത്. വിക്ടോറിയയിലെ വനമേഖലകളില്‍ ക്യാമ്പിങ്ങിനു പോയ മില്‍നെ അവിടെ നിന്നു വനത്തില്‍ ചുറ്റാനിറങ്ങിയതായിരുന്നു. ഇടയ്ക്കെവിടെയോ വച്ച് വന്ന വഴി തെറ്റി. പുറത്തേക്കുള്ള വഴി കണ്ടെത്താന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ലെന്നു മാത്രമല്ല, സഞ്ചരിച്ചെത്തിയ വാഹനം വഴിയില്‍ താഴ്ന്നു പോയതിനാല്‍ നടന്നു വഴി കണ്ടെത്തുക മാത്രമായിരുന്നു മുന്നില്‍ ശേഷിച്ച മാര്‍ഗം.
വനത്തിനുള്ളില്‍ നിന്നു രക്ഷിച്ചു പുറത്തെത്തിച്ച മില്‍നെയെ ഔട്ടര്‍ മെല്‍ബണിലെ എസ്സന്ഡ്രന് എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം വിമാനമാര്‍ഗം സ്ഥിരം ചികിത്സിക്കുന്ന ആശുപത്രിയിലെത്തിച്ച് വൈദ്യ പരിചരണം ഉറപ്പാക്കിയിരിക്കുകയാണ്. ആരോഗ്യം വീണ്ടെടുക്കുവോളം ആശുപത്രിയില്‍ തന്നെ കഴിയുന്നതിനാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരിക്കുന്നത്. വനത്തിനുള്ളിലെ ഉറവകളിലെ വെള്ളം കുടിച്ചും കണ്ണില്‍ കണ്ടതൊക്കെ പറിച്ചു തിന്നുമാണ് ജീവന് നിലനിര്‍ത്തിയത്. ഉറുമ്പുകളെ പോലും ഭക്ഷിക്കേണ്ടി വന്നതായി മില്‍നെ പറയുന്നു. എന്തായാലും രക്ഷാ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നുണ്ടാവുമെന്ന് ഇയാള്ക്കുറപ്പായിരുന്നു. അവസാനം കാട്ടിനുള്ളില്‍ തീകൂട്ടി രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. തീയും പുകയും കണ്ട് അഗ്നി രക്ഷാസേന അടുത്തെത്തിയപ്പോഴാണ് മില്‍നെയെ കണ്ടെത്തുന്നത്.
വുഡ്സൈഡ് ബീച്ചിലായിരുന്നു മില്‍നെയുടെ യഥാര്‍ഥ ക്യാമ്പ് സൈറ്റ് അവിടെ നിന്നാണ് വനത്തിനുള്ളിലേക്കു നടക്കാനിറങ്ങുന്നത്. ഇന്‍സുലിന്‍ സ്ഥിരമായി എടുക്കേണ്ടത്ര ഗുരുതരമായ പ്രമേഹബാധയുണ്ടായിരുന്നെങ്കിലും ഇത്രയും ദിവസം മതിയായ ഭക്ഷണമില്ലാതെ എങ്ങനെ ജീവന് നിലനിര്‍ത്തി എന്നതാണ് ഏറ്റവും ആശ്ചര്യകരമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ധാരാളം വെള്ളം കുടിച്ചതായിരിക്കും ഒരു പക്ഷേ, ഗുണകരമായതെന്ന് അവര്‍ കണക്കുകൂട്ടുന്നു.

