വാഷിങ്ടന്‍: വെടിയേറ്റു മരിച്ച കണ്‍സര്‍വേറ്റിവ് ആക്ടിവിസ്്റ്റ് ചാര്‍ലി കിര്‍ക്കിന് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം. കടുത്ത ട്രംപ് അനുകൂലിയായ കിര്‍ക്കിന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം മരണാനന്തര ബഹുമതിയായി നല്‍കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദരിച്ചത്. അമേരിക്ക ഏതെങ്കിലും പൗരനു നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണിത്. കിര്‍ക്കിന്റെ മുപ്പത്തിരണ്ടാം ജന്മദിനം കൂടിയായിരുന്ന ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ചാര്‍ലിയുടെ ഭാര്യ എറിക്ക കിര്‍ക്ക് ഡൊണാള്‍ഡ് ട്രംപില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി കുരിശു പതിച്ച മെഡലാണ് പരമോന്നത ബഹുമതിയുടെ മുദ്രയായി കിര്‍ക്കിന്റെ വിധവയ്ക്കു കൈമാറിയത്. ഇനിമുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 14 ചാര്‍ലി കിര്‍ക്കിന്റെ ദേശീയ അനുസ്മരണ ദിനമായി ആചരിക്കുമെന്നും പുരസ്‌കാര സമര്‍പ്പണവുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ ട്രംപ് പ്രഖ്യാപിച്ചു. ചാര്‍ലി കിര്‍ക്ക് സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് രക്തസാക്ഷിയായതെന്നു പറഞ്ഞ ട്രംപ് അദ്ദേഹം രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയെന്ന് അനുസ്മരിച്ചു. കഴിഞ്ഞ മാസം പത്തിനാണ് യൂട്ടാവാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ കിര്‍ക്ക് വെടിയേറ്റു മരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൈലര്‍ റോബിന്‍സന്‍ എന്ന യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

