എല്‍പിജിക്ക് ഗള്‍ഫ് രാജ്യങ്ങളെ ഒതുക്കി അമേരിക്കയിലേക്കു തിരിയാന്‍ ഇന്ത്യ ആലോചനയില്‍

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദമായിരിക്കെ അമേരിക്കയില്‍ നിന്ന് കൂടിയ തോതില്‍ എല്‍പിജി (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്) വാങ്ങുന്നതിനു തീരുമാനമെടുക്കുന്നുവെന്നു സൂചന. നിലവില്‍ മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു വാങ്ങുന്ന എല്‍പിജിയുടെ തോത് കുറച്ചുകൊണ്ടായിരിക്കും അമേരിക്കയെ ആശ്രയിക്കുന്നത്.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പ്രധാനമായും വാണിജ്യ സ്വഭാവമുള്ളതാണെന്നിരിക്കേ, അമേരിക്കയെ തണുപ്പിക്കാനുള്ള ശ്രമം എന്നനിലയിലാണ് ഈ മുന്‍കൈ ഇടപെടലിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. പോരെങ്കില്‍ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന്റെ അളവ് കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയെന്ന് ട്രംപ് പറയുമ്പോഴും കടുത്ത ഭാഷയില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ പക്ഷത്തുനിന്ന് ആരും തയാറാകുന്നതുമില്ല. പോരെങ്കില്‍ ഇന്ത്യ എന്നതിലുപരി മോദിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഇത്തവണ ട്രംപിന്റെ അവകാശവാദം.

വിദേശത്തു നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയിലെ കമ്പനികള്‍ സൗദി അറേബ്യയിലെയും യുഎഇയിലെയും കുവൈറ്റിലേയും ഖത്തറിലെയും പരമ്പരാഗത എല്‍പിജി വിതരണക്കാരെ തങ്ങള്‍ അളവു വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന വിവരം അറിയിച്ചതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അമേരിക്കയുമായുള്ള ഊര്‍ജവ്യാപരത്തിന്റെ തോത് നിലവിലുള്ള ആയിരം കോടി രൂപയില്‍ നിന്ന് 2500 കോടി രൂപയായി ഉയര്‍ത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതിക്ക് തീരുവ ഇല്ലാതാക്കുന്നതും ഇന്ത്യയുടെ ആലോചനയിലുണ്ടെന്നറിയുന്നു.