ഒരുപക്ഷേ അവസാന രാജ്യാന്തര ക്രിക്കറ്റ് പര്യടനത്തിന് കോഹ്ലിയും ശര്‍മയും പെര്‍ത്തില്‍

പെര്‍ത്ത്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും സംഘവും ഓസ്‌ട്രേലിയയിലെത്തി. ഓസ്‌ട്രേലിയയ്ക്ക് എതിയ ഇന്ത്യയുടെ ഏകദിന ഇന്റര്‍നാഷണല്‍ മാച്ച് സീരീസില്‍ പങ്കെടുക്കുന്നതിനായാണ് ഇന്നലെ അതിരാവിലെ പെര്‍ത്തില്‍ ലാന്‍ഡ് ചെയ്തത്. രോഹിത് ശര്‍മയെയും കോഹ്ലിയെയും വഹിച്ചുകൊണ്ടുള്ള വിമാനം മൂന്നു മണിക്കൂര്‍ വൈകിയാണ് പെര്‍ത്തിലെത്തിയത്. വിമാനം ഇറങ്ങിയ ഉടന്‍ രോഹിത് ശര്‍മയും കോഹ്ലിയും കാത്തു നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പെടാതെ താമസം ക്രമീകരിച്ചിരുന്ന ബുര്‍സ്വുഡിലെ ക്രൗണ്‍ ടവേഴ്‌സ് ഹോട്ടലില്‍ എത്തുകയായിരുന്നു.

നിലവില്‍ 37 വയസ് പൂര്‍ത്തിയാക്കിയിരിക്കുന്ന കോഹ്ലി ഇതിനകം ടെസ്റ്റ് മാച്ചുകളില്‍ നിന്നും ടി20 ക്രിക്കറ്റ് മാച്ചുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ ഈ പര്യടനം കോഹ്ലിയുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ അവസാനത്തേതായിരിക്കാനാണ് സാധ്യത. ഈ പര്യടനം കൂടി കഴിയുന്നതോടെ ഏകദിന മത്സരങ്ങളില്‍ നിന്നു കൂടി ഇദ്ദേഹം വിരമിക്കുമെന്നാണ് പരക്കുന്ന അഭ്യൂഹം. കോഹ്ലിയുടെ അടുത്ത സുഹൃത്തും കോഹ്ലിയോടൊപ്പം വിരമിക്കുമെന്നു കരുതപ്പെടുന്നയാളുമാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍കൂടിയാണ് രോഹിത് ശര്‍മ.