കാനഡയില്‍ അറുപതിനായിരം പോപ്പിച്ചെടികളുടെ തോട്ടം, നാല് ഇന്ത്യക്കാര്‍ അറസ്റ്റിലായി

എഡ്മന്റണ്‍: കാനഡയില്‍ സമീപകാലത്തു നടത്തിയ ഏറ്റവും വലിയ പോപ്പി തോട്ടം റെയ്ഡില്‍ നാല് ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായി. നിരോധിത ലഹരിവസ്തുവായ കറുപ്പിന്റെ ഉല്‍പാദനത്തിനായി നട്ടുവളര്‍ത്തിയ വിസ്തൃതമായ പോപ്പിത്തോട്ടമാണ് പോലീസ് റെയ്ഡു ചെയ്ത് നശിപ്പിച്ചത്. സുഖ്ദീപ് ധനോവ, സന്ദീപ് ദണ്ഡിവാള്‍, ഗുര്‍പ്രീത് സിംഗ്, കുല്‍വിന്ദര്‍ സിംഗ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായത്.

പോപ്പിയുടെ നിരോധിത കൃഷി നടക്കുന്നതായ സൂചനകളെ തുടര്‍ന്ന് എഡ്മന്റണ്‍ ഡ്രഗ് ആന്‍ഡ് ഗാങ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ അറുപതിനായിരത്തോളം പോപ്പിച്ചെടികള്‍ വളര്‍ത്തി പരിപാലിക്കുന്ന തോട്ടമാണ് കണ്ണില്‍ പെടുന്നത്. 34 സ്ട്രീറ്റില്‍ ഇവര്‍ താമസിക്കുകയായിരുന്ന വീടിനു പിന്നിലായിരുന്നു നിരോധിത കൃഷി. ഇതില്‍ നിന്നുള്ള കറുപ്പിന് അഞ്ചു ലക്ഷം കനേഡിയന്‍ ഡോളര്‍ വരെ വില കിട്ടുമെന്നു കണക്കാക്കുന്നു. രണ്ടു ദിവസം നീണ്ടു നിന്ന് അന്വേഷണത്തില്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന വിത്തുകളും പോപ്പിയുടെ തൊണ്ട് ഉണക്കിപ്പൊടിച്ചതിന്റെ ശേഖരവും കണ്ടെത്തി. ചായയിലും മറ്റും ചേര്‍ത്ത് ലഹരിക്കായി ഉപയോഗിക്കുന്നതാണ് ഈ പൊടി. ഡോഡ എന്നു വിളിക്കുന്ന ഈ പൊടിക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആവശ്യക്കാരേറെയാണ്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴിയായിരുന്നു ഇവര്‍ ഡോഡ വിറ്റഴിച്ചിരുന്നത്.