ഗാര്‍ഹിക പീഡന കൊലപാതകം രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ എന്‍എസ്ഡബ്ല്യുവില്‍

സിഡ്‌നി: ഗാര്‍ഹിക പീഡനത്തിന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ശിക്ഷ ഉറപ്പു നല്‍കുന്ന നിയമം നിര്‍മിച്ച് മാതൃകയായി എന്‍എസ്ഡബ്ല്യു ഗവണ്‍മെന്റ്. ഇതനുസരിച്ച് പങ്കാളിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നയാള്‍ക്ക് ഇരുപത്തഞ്ചു വര്‍ഷത്തെ തടവു ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതില്‍ ജഡ്ജിയുടെ മനോധര്‍മത്തിനനുസരിച്ച് പരോളില്ലാത്ത കാലം എത്ര വേണമെന്നു തീരുമാനിക്കുകയും ചെയ്യാം. ഇത്രയും കടുത്ത നിയമം രാജ്യത്ത് ആദ്യമായി ഏര്‍പ്പെടുത്തുന്നത് ന്യൂ സൗത്ത് വെയില്‍സാണ്.

തബീത്ത എക്രൈറ്റ് എന്ന ഒരു വീട്ടമ്മയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്. മകള്‍ മക്കന്‍സി ആന്‍ഡേഴ്‌സനെ അവരുടെ ബോയ്ഫ്രണ്ട് വധിച്ചതിനെ തുടര്‍ന്ന് കര്‍ശനമായ നിയമനിര്‍മാണം ആവശ്യപ്പെട്ട് തബീത്ത പോരാട്ടത്തിലായിരുന്നു. കൊലപ്പെടുത്തിയ ആള്‍ക്ക് കോടതി ശിക്ഷ വിധിച്ചത് പതിനഞ്ചര വര്‍ഷത്തെ തടവായിരുന്നു. എന്നാല്‍ ഇതിലും കര്‍ശനമായ ശിക്ഷ വേണമെന്ന കാര്യത്തില്‍ സംശയമില്ലാതിരുന്നതിനാല്‍ ഏക്രൈറ്റ് അന്നുമുതല്‍ കടുത്ത നിയമനിര്‍മാണം ആവശ്യപ്പെട്ട് അഭിപ്രായരൂപീകരണം നടത്തി വരികയായിരുന്നു. ഇതിലും ചെറിയ ഗാര്‍ഹിക പീഡനങ്ങള്‍ക്കു പോലും കടുത്ത ശിക്ഷ ആവശ്യമാണെന്ന അഭിപ്രായമാണിവര്‍ക്ക്. ഏക്രൈറ്റിന്റെ കേസില്‍ കോടതി വിധി പ്രഖ്യാപിക്കുമ്പോള്‍ പോലും കൊലപാതകത്തിലെത്തുന്ന ഗാര്‍ഹിക പീഡനത്തിന് ഇരുപതു വര്‍ഷം തടവു ശിക്ഷ വിധിക്കാവുന്ന നിയമം നിലവിലുണ്ടായിരുന്നതാണ്.