തിരുവനന്തപുരം: മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പേസ്‌മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്കു പരിക്ക്. പേസ്‌മേക്കറിന്റെ ചീളുകള്‍ സമീപത്തു നില്‍ക്കുകയായിരുന്ന കരിച്ചാറ സ്വദേശി സുന്ദരന്‍ എന്നയാളുടെ കാലിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തിരുനന്തപുരത്തിനടുത്ത് പള്ളിപ്പുറത്താണ് സംഭവം നടക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ച പള്ളിപ്പുറം സ്വദേശിനിയായ വിമലയമ്മയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിക്കുന്നത്. മൃതദേഹം ചിതയിലേക്ക് വച്ച് തീകൊളുത്തി ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ കനത്ത ശബ്ദത്തോടെ പേസ്‌മേക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീളുകള്‍ തറച്ചു കയറി സുന്ദരന്റെ കാല്‍മുട്ടുകള്‍ തകര്‍ന്നു.
സാധാരണയായി മരിച്ചു കഴിയുമ്പോള്‍ പേസ്‌മേക്കര്‍ മാറ്റാറുള്ളതാണ്. എന്നാല്‍ ഹൃദ്രോഗിയായ വിമലയമ്മയ്ക്ക് അടുത്തയിടെയാണ് പേസ്‌മേക്കര്‍ വയ്ക്കുന്നത്. അതിനു ശേഷം അധികം കഴിയുന്നതിനു മുമ്പു തന്നെ മരിക്കുകയുമായിരുന്നു. സാധാരണയായി ശവദാഹത്തിനു മുമ്പ് പേസ്‌മേക്കര്‍ നീക്കം ചെയ്യാറുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആ നടപടിയുണ്ടായില്ല. രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ വിവരം അറിയിച്ചുവെന്നാണ് പറയുന്നത്.

