നിമിഷപ്രിയ തല്‍ക്കാലം സുരക്ഷിത, പുതിയ മധ്യസ്ഥനെ നിയോഗിച്ച് കേന്ദ്ര ഗവണ്‍മെന്റ്

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ. മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്ര ഗവണ്‍മെന്റ് സുപ്രീം കോടതിയെ അറിയിച്ചു. ഒരിക്കല്‍ കോടതിയുടെ വിമര്‍ശനത്തിനു വിധേയനായ പോള്‍ അല്ല മധ്യസ്ഥനെന്നു ഗവണ്‍മെന്റ് വെളിപ്പെടുത്തി.

നമിഷപ്രിയയുടെ ജീവനില്‍ തല്‍ക്കാലം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന ഗവണ്‍മെന്റ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇനി കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.

2017ല്‍ ജൂലൈയില്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ യെമനിലെ ജയിലില്‍ കഴിയുന്നത്. ആഭ്യന്തര യുദ്ധം നിലനില്‍ക്കുന്ന യെമനില്‍ നിമിഷപ്രിയ കഴിയുന്ന ജയില്‍ സ്ഥിതിചെയ്യുന്ന സനാ മേഖല ഹൂതി വിമതരുടെ കൈവശത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്നത് അംഗീകൃത ഗവണ്‍മെന്റുള്ള ജിബൂട്ടിയിലാണ്. ഇതാണ് സന്ധി സംഭാഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള തടസം.