ശബരിമല സ്വര്‍ണ മോഷണം, ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍, അറസ്റ്റ് ഉടനുണ്ടായേക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകാതെയുണ്ടായോക്കും. കസ്റ്റഡിയിലെടുത്ത പോറ്റിയെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍. പുളിമാത്തുള്ള വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യുന്നത് പത്തനംതിട്ടയില്‍ ഏതോ സ്ഥലത്താണെന്നാണ് സൂചന. പോറ്റിയെ ബന്ധപ്പെടാന്‍ ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും അറ്റന്‍ഡ് ചെയ്യുന്നില്ല.

പ്രത്യേക സംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റിനു വേണ്ട വിവരങ്ങള്‍ ചെന്നൈയിലും ഹൈദരാബാദില്‍ നിന്നുമായി ലഭിച്ചുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ദേവസ്വം എസ്പിയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നും വളരെ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച് അന്വേഷണം നടത്തി ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോള്‍ കോടതിയെ അറിയിക്കുകയും വേണം.