വാടക താങ്ങാനാവുന്നില്ല, പെര്‍ത്തില്‍ കാറുകളില്‍ അന്തിയുറങ്ങുന്ന കുടുംബങ്ങള്‍ കൂടുന്നു

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ അവശ്യ സേവന വിഭാഗമായ ഹോസ്പിറ്റാലിറ്റി സെക്ടറില്‍ ജോലിചെയ്യുന്നവര്‍ക്ക് വീട്ടുവാടക താങ്ങാന്‍ സാധിക്കാത്തതിനാല്‍ കാറുകള്‍ക്കുള്ളില്‍ അന്തിയുറങ്ങേണ്ടി വരുന്നതായി പഠന റിപ്പോര്‍ട്ട് പറയുന്നു. ഹോട്ടല്‍, ഭക്ഷണം, പാനീയ വ്യവസായം, യാത്രാ സേവനം തുടങ്ങിയ തൊഴില്‍ മേഖലകളില്‍ വേതനം താരതമ്യേന കുറവും വീട്ടുവാടക അനിയന്ത്രിതമായി ഉയര്‍ന്നതുമായതാണ് ഇവരുടെ ദുരിത ജീവിതത്തിനു കാരണമായി പറയുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആംഗ്ലികെയര്‍ എന്ന സംഘടനയുടെ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

സംസ്ഥാനത്താകെയുള്ള വാടക വീടുകളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഇവര്‍ക്കു താങ്ങാവുന്ന നിരക്കില്‍ ലഭ്യമായിട്ടുള്ളത്. ഒരു കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനത്തിന്റെ മുപ്പതു ശതമാനം ഉപയോഗിച്ച് വീട്ടുവാടക താങ്ങാന്‍ സാധിക്കുന്നെങ്കിലാണ് ഈ പഠനം ആ വാടകയെ താങ്ങാനാവുന്ന വാടകയെന്നു വിളിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 3523 വീടുകളാണ് വാടകയ്ക്ക് കിട്ടാനുള്ളതെന്ന് ഈ പഠനം കണ്ടെത്തിയിരിക്കുന്നു. ഇതില്‍ വെറും പതിനാറെണ്ണം മാത്രമാണ് ഇക്കൂട്ടര്‍ക്കു പിടിയിലൊതുങ്ങുന്ന നിരക്കിലുള്ളത്. പ്രാദേശിക മേഖലകളിലേക്ക് കടന്നാല്‍ സ്ഥിതി ഇതിലും വഷളാണ്. കിംബര്‍ലി, പില്‍ബറ മേഖലകളില്‍ വെറും നാലു വീടുകള്‍ മാത്രമാണ് താങ്ങാനാവുന്ന നിരക്കിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *