മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയെ നിത അംബാനി ഞെട്ടിച്ചതിങ്ങനെ

മുംബൈ: ബിസിനസുകാരിയും സാമൂഹ്യപ്രവര്‍ത്തകയും അതിലൊക്കെയുപരി മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി ഇന്നലെ അക്ഷരാര്‍ഥത്തില്‍ മുംബൈയിലെ സെലിബ്രിറ്റികളെയൊക്കെ ഞെട്ടിച്ചു. കൈയില്‍ കരുതിയിരുന്ന ബാഗിന്റെ വില എത്രയെന്നോ, പതിനേഴു കോടി രൂപ. ഡിസൈനര്‍മാര്‍ക്കിടയിലെ താരപദവിയുള്ള മനീഷ് മല്‍ഹോത്ര ഒരുക്കിയ ദീപാവലി ആഘോഷമായിരുന്നു വേദി. ക്ഷണം കിട്ടിയതൊക്കെ വിവിധ തലങ്ങളില്‍ താരപദവിയുള്ളവര്‍ക്കു മാത്രം. അതിലൊരാളായി നിത കടന്നുവന്നതോടെ എല്ലാ കണ്ണുകളും അവരുടെ കൈയില്‍ ഒതുങ്ങിയിരുന്ന കുഞ്ഞന്‍ ബാഗിലുടക്കി. രത്‌നങ്ങള്‍ പതിച്ച ആ ബാഗിന്റെ വിലയായിരുന്നു പതിനേഴു കോടി.

ഹെര്‍മിസ് ഹൗട്ടേ സീരീസിലുള്ള സാക് ബിജൗ ബിര്‍കിന്‍ എന്ന ബാഗിന്റെ ചെറുപതിപ്പാണ് നിത കൈവശം കരുതിയിരുന്നത്. അതിന്റെ നിര്‍മാണം ലോകോത്തര കമ്പനിയായ പീറേ ഹാര്‍ഡി. ഹെര്‍മിസ് ഹൗട്ടേ എന്നതു തന്നെ ആഡംബരത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന ബാഗുകളാണ്. മുതലത്തുകലിന്റെ പരുക്കന്‍ പ്രതലമുള്ള ലെതര്‍ ബാഗിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത അതില്‍ പതിച്ചിരിക്കുന്ന രത്‌നങ്ങള്‍ തന്നെ. ഹെര്‍മിസിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ഇതിന്റെ യഥാര്‍ഥ വിലയുള്ളത്. മറ്റൊരു നിറത്തിലുള്ള ബാഗാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെങ്കിലും അതിന്റെ വിലയായി ചേര്‍ത്തിരിക്കുന്നത് ഇരുപതു ലക്ഷം അമേരിക്കന്‍ ഡോളര്‍. ആതായത് ഏറക്കുറേ പതിനേഴു കോടി ഇന്ത്യന്‍ രൂപ.

ബാഗിനൊത്ത ഗെറ്റപ്പില്‍ തന്നെയായിരുന്നു സാരിയും ധരിച്ചിരുന്ന സ്ലീവ്‌ലെസ് ബ്ലൗസും. നിറം ബാഗുമായി പൂര്‍ണമായും മാച്ച് ചെയ്യുന്നത്. നിറയെയുള്ള മിറര്‍ വര്‍ക്കാണ് ബാഗിലെ രത്‌നങ്ങള്‍ക്കു മാച്ച് ചെയ്യുന്നത്. ഹൃദയാകൃതിയില്‍ വലുപ്പം കൂടിയ ഞാത്തുകളോടു കൂടിയ കൊളംബിയന്‍ എമറാള്‍ഡ് കമ്മലും കാന്‍ഡി മോട്ടിഫുകള്‍ ചേര്‍ത്തിരിക്കുന്ന ബ്രേസ്ലെറ്റും കൂടിയാകുമ്പോള്‍ അലങ്കാരങ്ങള്‍ പൂര്‍ണമാകുന്നു. എന്തിനധികം, ലിപ്സ്റ്റിക് പോലും ചമയമായി ഇല്ലാതെയായിരുന്നു രാജകീയമായ കടന്നുവരവ്.