കുട്ടികള്‍ എന്തു കാണണമെന്ന് ഇന്‍സ്റ്റ തീരുമാനിക്കും, കൗമാരക്കാര്‍ക്ക് നിയന്ത്രണം വരുന്നു

പതിനെട്ടു വയസില്‍ താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള പദ്ധതിയുമായി ഇന്‍സ്റ്റഗ്രാം എത്തുന്നു. ഇതിനായി പുതിയ നിയന്ത്രണങ്ങളായിരിക്കും ഇന്‍സ്റ്റഗ്രാം ഉടമയായ മെറ്റ ഏര്‍പ്പെടുത്തുക. കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ പിജി 13 സിനിമ റേറ്റിങ് ഉള്ള ഉള്ളടക്കം മാത്രം കൊണ്ടുവരാനാണ് ഇതിലൂടെ ഇന്‍സ്റ്റ ഉദ്ദേശിക്കുന്നത്. ഉപയോക്താക്കളുടെ പ്രായം കണ്ടുപിടിക്കുന്നതിന് എഐ സാങ്കേതികവിദ്യയും ഉപയോഗിക്കും.

പുതിയ ഇന്‍സ്റ്റഗ്രാം പോളിസി തുടക്കത്തില്‍ യുകെ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമായിരിക്കും നടപ്പാക്കുക. ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങളിലേക്കുള്ള കുട്ടികളുടെ കടന്നുകയറ്റം തടയുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ടീന്‍ അക്കൗണ്ടുകളില്‍ ഈ നിയന്ത്രണം കമ്പനി സ്വമേധയാ ഏര്‍പ്പെടുത്തുമെങ്കിലും മാതാപിതാക്കള്‍ നിര്‍ദേശിക്കുന്ന അക്കൗണ്ടുകളില്‍ ഇവ എടുത്തു മാറ്റി ഇപ്പോഴത്തെ രീതി തന്നെ പിന്തുടരും.

കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ആവശ്യമാണെന്നു തോന്നുന്ന മാതാപിതാക്കളെ ഉദ്ദേശിച്ച് പുതിയ സ്ട്രിക്ടര്‍ സെറ്റിങ്‌സും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിശ്ചിത ഉള്ളടക്കം മാത്രമായിരിക്കും ലഭ്യമാകുക. 13+ പോലെ ഇതിലും കമന്റുകളും മെസേജുകളും എത്തുന്നതില്‍ നിയന്ത്രണമുണ്ട്. ഇതിലൂടെ ഫില്‍റ്റര്‍ ചെയ്തു മാത്രമായിരിക്കും ഉള്ളടക്കം കുട്ടികളിലെത്തുക. കഴിഞ്ഞ വര്‍ഷമാണ് കൗമാരക്കാര്‍ക്കായി ഇന്‍സ്റ്റ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചത്. അതിനു ശേഷം വരുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണിത്.