ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി ഭാഷ നിരോധിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നടപ്പു നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന് തന്നെ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഹിന്ദിയില്‍ എഴുതിയ ബോര്‍ഡുകള്‍, ഹിന്ദി സിനിമകള്‍, ഹിന്ദി പാട്ടുകള്‍ എന്നിവയെല്ലാം നിരോധനത്തില്‍ ഉള്‍പ്പെടുന്നുവെന്നു പറയുന്നു.
തമിഴരുടെ മേല്‍ ഹിന്ദി അടിച്ചേല്പിക്കരുതെന്നും അവരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന് അടുത്തയിടെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ ഹിന്ദിയുടെ കടന്നുകയറ്റം തടയാനുദ്ദേശിക്കുന്ന ബില്ലുമായി എത്തുന്നത്. ഹിന്ദി പോലെ തന്നെ സംസ്കൃതവും തമിഴ്നാട് എതിര്‍ക്കുന്ന ഭാഷയാണ്. മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മാതൃഭാഷ, ഹിന്ദി (ദേശീയ ഭാഷ), ഇംഗ്ലീഷ് (ലോക ഭാഷ) എന്നിങ്ങനെയുള്ള ത്രിഭാഷാ പദ്ധതി പിന്തുടരുമ്പോള് തമിഴ്നാട് മാത്രം ദ്വിഭാഷാ നയമാണ് പിന്തുടരുന്നത്. അതില്‍ തമിഴ് എന്ന മാതൃഭാഷയും ഇംഗ്ലീഷ് എന്ന വിശ്വഭാഷയും മാത്രമാണുള്ളത്.
ദ്വിഭാഷാ പദ്ധതികൊണ്ടു തന്നെ സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത പഠനം, നൈപുണ്യ വികസനം, തൊഴിലവസര സൃഷ്ടി തുടങ്ങിയ കാര്യങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ തമിഴ്നാടിനു സാധിച്ചിട്ടുണ്ടെന്നും ഹിന്ദിക്ക് ഇതിലൊന്നും ഒരു റോളുമില്ലെന്നുമാണ് ഡിഎംകെയുടെയും സ്റ്റാലിന്റെയും നിലപാട്. ഹിന്ദി അടിച്ചേല്പിക്കുന്നതിലൂടെ ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങലെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും ഹിന്ദി വിരുദ്ധ നിലപാടുകള്‍ സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു.

