മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ സീരിയലുകളില്‍ ഒന്നായ മഹാഭാരതത്തില്‍ കര്‍ണന്റെ വേഷത്തിനു ജീവന് നല്കിയ അനശ്വര നടന് പങ്കജ് ധീര്‍ അന്തരിച്ചു. അദ്ദേഹത്തിന് 68 വയസായിരുന്നു. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു താരം. എണ്‍പതുകളില്‍ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്കു കടന്നു വന്ന പങ്കജ് ധീര്‍ ഏറ്റവും പ്രശസ്തനും ജനപ്രിയ നടനുമാകുന്നത് കര്‍ണന്റെ വേഷത്തിലൂടെയായിരുന്നു.
മഹാഭാരതത്തിനു ശേഷം ടെലിവിഷന്‍ രംഗത്ത് ഏറ്റവും ശ്രദ്ധ നേടിയ ചന്ദ്രകാന്ത എന്ന പരമ്പരയില്‍ ചുന്നാര്ഗഡ് രാജാവായ ശിവദത്ത് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ വേഷം അഭിനയിച്ചതും പങ്കജ് ധീര്‍ തന്നെയായിരുന്നു. അതിനു ശേഷം ബധോ ബധോ ബഹു, സീ ഹോറര്‍ ഷോ, കാനൂന്‍ തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളിലും അദ്ദേഹം കഴിവു തെളിയിത്തു. സോള്‍ജിയര്‍, അന്താസ്, ബാദ്ഷാ, തുംകോ ന ഭൂല്‍ പായേംഗേ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ധ്രുവ് താര സമയ് സദി സേ പര എന്ന പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്.

