മൂന്ന് ഇന്ത്യന്‍ കഫ്‌സിറപ്പുകള്‍ക്കെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കഫ് സിറപ്പുകള്‍ കുടിച്ച് രാജ്യത്ത് ഇരുപതിലധികം കുട്ടികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ നിലവാരമില്ലാത്തതും കേന്ദ്രഗവണ്‍മെന്റ് അടുത്തയിടെ നിരോധിച്ചതുമായ മൂന്ന് കഫ്‌സിറപ്പുകള്‍ക്കെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടി ആര്‍, റീലൈഫ് എന്നീ കഫ്‌സിറപ്പുകള്‍ക്കെതിരേയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവ മൂന്നില്‍ ഏതെങ്കിലും ഏതെങ്കിലും രാജ്യത്ത് കണ്ടെത്തിയാല്‍ ആ രാജ്യത്തെ ദേശീയ റഗുലേറ്ററി അതോറിറ്റി അക്കാര്യം ലോകാരോഗ്യ സംഘടനയെ വിവരമറിയിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തു അനുവദനീയമായതിലും അധികം അടങ്ങിയിരിക്കുന്നുവെന്നതാണ് ഈ കഫ്‌സിറപ്പുകളുടെ പ്രശ്‌നം. ഈ മരുന്നുകളില്‍ നിന്നു വിപരീത ഫലങ്ങളുണ്ടാകുകയോ പ്രതീക്ഷിച്ച ഫലം ഉണ്ടാകാതിരിക്കുകയോ ചെയ്താലും ദേശീയ റഗുലേറ്ററി അതോറിറ്റീസിനെയോ നാഷണല്‍ ഫാര്‍മകോ വിജിലന്‍സിനെയോ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, റെഡ്‌നെക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഷേപ്പ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ നിര്‍മിച്ച കഫ്‌സിറപ്പുകളുടെയും മറ്റു മരുന്നുകളുടെയും വ്യാപാരം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്കും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്.