ജൊനാഥന്‍ ദുനിയാം പുതിയ നിഴല്‍ ആഭ്യന്തര മന്ത്രി, സൂസന്‍ ലേ ടീമിനു പുതിയ ലുക്ക്

സിഡ്‌നി: പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയില്‍ അഴിച്ചുപണികള്‍ വരുത്തി പ്രതിപക്ഷ നേതാവ് സൂസന്‍ ലേ. പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ മുന്‍നിരയക്ക് ഇതോടെ പുതിയ ലുക്ക് ലഭിക്കുന്നു. ആഭ്യന്തരകാര്യ നിഴല്‍ മന്ത്രി ആന്‍ഡ്രൂ ഹേസ്റ്റി രാജിവച്ച സ്ഥാനത്തേക്ക് ടാസ്മാനിയന്‍ സെനറ്റര്‍ ജൊനാഥന്‍ ദൂനിയാം എത്തും. നിലവില്‍ വിദ്യാഭ്യാസ കാര്യ നിഴല്‍ മന്ത്രിയാണ് ദൂനിയാം.

ഔട്ടര്‍ സിഡ്‌നി എംപിയും നിലവില്‍ നിഴല്‍ അറ്റോര്‍ണി ജനറലുമായ ജൂലിയന്‍ ലീസര്‍ പുതിയ നിഴല്‍ വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തെത്തും. ലീസര്‍ ഒഴിയുന്ന നിഴല്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്കെത്തുന്നത് ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള എംപി ആന്‍ഡ്രൂ വാലസ്. നിലവില്‍ രഹസ്യാന്വേഷണത്തിനും സുരക്ഷയ്ക്കുമുള്ള പാര്‍ലമെന്ററി സബ്കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ് വാലസ്. ഈ സ്ഥാനം രാജിവച്ച ശേഷമായിരിക്കും വാലസ് പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുക. ഇദ്ദേഹത്തിനു പകരം ഡെപ്യൂട്ടി ചെയര്‍മാനായി നിലവില്‍ പ്രതിരോധ ഡെപ്യൂട്ടി നിഴല്‍ മന്ത്രിയായ ഫിലിപ് തോംപ്‌സനെ നിയമിക്കണമെന്ന് സൂസന്‍ ലേ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.

നിഴല്‍ മന്ത്രിസഭയുടെ കാബിനറ്റ് സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പിലെ നിഴല്‍ സഹമന്ത്രിയുമായി വി്‌ക്ടോറിയന്‍ എംപി സോ മക്കിന്‍സി സ്ഥാനമേല്‍ക്കും. പ്രതിപക്ഷ ചീഫ് വിപ്പ് സ്ഥാനം വഹിക്കുന്ന ആരോണ്‍ വിയോളി വാര്‍ത്താവിനിമയ നിഴല്‍ സഹമന്ത്രിയായും കാമറോണ്‍ കാള്‍ഡ്‌വെല്‍ ഭവനകാര്യ-മാനസികാരോഗ്യ നിഴല്‍ സഹമന്ത്രിയായും ചുമതലയേല്‍ക്കും.

കഴിഞ്ഞ ആറു മാസത്തിനിടെ സൂസന്‍ ലേയുടെ നിഴല്‍ മന്ത്രിസഭയില്‍ നിന്നു രണ്ടു പ്രമുഖ മുഖങ്ങളാണ് പുറത്തേക്കു പോയിരിക്കുന്നത്. പ്രതിരോധ കാര്യ നിഴല്‍ മന്ത്രി ആന്‍ഡ്രൂ ഹേസ്റ്റിയും പ്രതിരോധ കാര്യ നിഴല്‍ മന്ത്രി ജസീന്ത നാമ്പിജന്‍പ പ്രൈസും. ഒരു മാസത്തെ ഇടവേളയിലാണ് ഇവര്‍ ഇരുവരും പുറത്തേക്കു പോകുന്നത്.