ആണ്‍-പെണ്ണിനെ വനിതാ ജയിലുകളില്‍ വേണ്ട, ജന്മനാ ആണാണെങ്കില്‍ അണ്‍ജയില്‍ മാത്രം

ഡാര്‍വിന്‍: ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ സംസ്ഥാനത്തെ വനിതാ ജയിലുകളില്‍ പാര്‍പ്പിക്കാനാവില്ലെന്ന നോര്‍തേണ്‍ ടെറിറ്ററി ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരേ എല്‍ജിബിടിക്യൂ സമൂഹങ്ങളുടെ കര്‍ശന എതിര്‍പ്പ്. ഗവണ്‍മെന്റിന്റെ ഈ തീരുമാനം തങ്ങളെ ഞെട്ടിക്കുന്നതാണെന്ന് അവരുടെ പ്രതിനിധികള്‍ പറയുന്നു.

ഡാര്‍വിന്‍ റേഡിയോ സ്‌റ്റേഷനിലെ മിക്‌സ് 104.9 എന്ന പരിപാടിയിലാണ് നോര്‍തേണ്‍ ടെറിറ്ററി ചീഫ് മിനിസ്റ്റര്‍ ലിയാ ഫിനോച്ചിയാരോ ഗവണ്‍മെന്റിന്റെ യാഥാസ്ഥിതിക നിലപാട് വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ വനിതാ ജയിലുകള്‍ വനിതകള്‍ക്കു മാത്രമുള്ളതാണെന്നും ഇക്കാര്യത്തില്‍ കണ്‍ട്രി ലിബറല്‍ പാര്‍ട്ടിക്കുള്ളത് പ്രായോഗികവും സാമാന്യബുദ്ധിക്കു നിരക്കുന്നതുമായ നിലപാട് മാത്രമാണെന്നുമായിരുന്നു അവരുടെ പ്രസ്താവന. ഏതു ലിംഗത്തില്‍ ജനിക്കുന്നുവോ അവര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന ജയിലുകളിലേക്ക് തന്നെയാണ് അവര്‍ പോകേണ്ടതെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിക്കുകയായിരുന്നു ഫിനോച്ചിയാരോ. ജനന സമയത്ത് പുരുഷന്‍മാരായിരിക്കും പിന്നീട് സ്വയം സ്ത്രീയെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നതില്‍ അര്‍ഥമില്ല. അക്കൂട്ടര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത് പുരുഷന്‍മാര്‍ക്കുള്ള ജയില്‍ തന്നെയായിരിക്കും. ഇപ്പോള്‍ അതാണ് നിയമം. ആ നിയമം തന്നെ പിന്തുടരുകയും ചെയ്യും. അവര്‍ അറിയിച്ചു. എന്‍ടി കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇതുവരെയുള്ള തീരുമാനം ജനന സമയത്തെ ലിംഗാടിസ്ഥാനത്തില്‍ തടവുപുള്ളികള്‍ക്ക് ജയില്‍ അനുവദിക്കുന്നതും സ്ഥല സൗകര്യമുണ്ടെങ്കില്‍ മാത്രം ഓരോരുത്തരും സ്വയം നിശ്ചയിക്കുന്ന ലിംഗസ്വഭാവത്തിനു ചേര്‍ന്ന ജയിലുകളിലേക്ക് അയയ്ക്കുന്നതിനുമുള്ളതായിരുന്നു.

എന്‍ടിയിലെ യാഥാസ്ഥിതിക സ്വഭാവമുള്ള വനിതാ കൂട്ടായ്മയായ വിമന്‍സ് ഫോറം ഓസ്‌ട്രേലിയ ഈ പ്രശ്‌നത്തില്‍ ഇടപെടുകയും സര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്തതിനു പിന്നാലെയാണ് ഗവണ്‍മെന്റ് ഉറച്ച നിലപാട് സ്വീകരിച്ച് മുന്നോട്ടു വരുന്നത്. ജന്മനാലെ സ്ത്രീയായ തടവുകാര്‍ക്ക് പില്‍ക്കാലത്ത് സ്ത്രീയായി സ്വയം പ്രഖ്യാപിച്ച തടവുപുള്ളികള്‍ക്കൊപ്പം താമസിക്കേണ്ടി വരുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നു എന്നായിരുന്നു ഇവരുടെ നിവേദനത്തില്‍ പറഞ്ഞിരുന്നത്.