ഗൂഗിള്‍ മാപ്‌സിനു വെല്ലുവിളി സ്വദേശി മാപ്പിള്‍സ്, അറട്ടൈയുടെ വഴിയേ മാപ്‌സിനും പണി

ബെംഗളൂരു: വാട്‌സാപ്പിനെ വെല്ലാന്‍ അറട്ടൈ, ഗൂഗിള്‍ മീറ്റിനെ വെല്ലാന്‍ സോഹോ. അടുത്തതായി മുട്ടന്‍ പണി വരുന്നത് ഗൂഗിള്‍ മാപ്‌സിനാണ്. ഇവിടെയും കത്തിക്കയറാന്‍ ഒരുങ്ങുകയാണ് സ്വദേശി ആപ്പ് ആയ മാപ്പിള്‍സ്. ഗൂഗിള്‍ മാപ്‌സിലുള്ള ഫീച്ചറുകളെല്ലാം അശേഷം കുറയാതെ മാപ്പിള്‍സിലുമുണ്ടെന്നു മാത്രമല്ല, ഒരു പടികൂടി മുന്നിലുമാണിതിന്റെ സ്ഥാനമെന്ന് ഉപയോഗിക്കുന്നവരെല്ലാം പറയുന്നു.

നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഇറക്കിയിരിക്കുന്നതെങ്കിലും വൈകാതെ രാജ്യം മുഴുവനും വലവിരിക്കാനൊരുങ്ങുകയാണ് മാപ്പിള്‍സ്. ബെംഗളൂരു ആസ്ഥാനമായ ടെക് സ്ഥാപനമായ മാപ്പ് മൈ ഇന്ത്യയാണ് ഈ ആപ്പ് കളത്തിലിറക്കിയിരിക്കുന്നത്. അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതാണ് മാപ്പിള്‍സിന്റെ മെച്ചമായി എല്ലാവരും പറയുന്നത്. ട്രാഫിക് സിഗ്നലുകളും അവയുടെ കൗണ്ട് ഡൗണുകളും പോലും ഇതിലൂടെ അറിയാന്‍ സാധിക്കുന്നതാണ് ഏറ്റവും വലിയ മെച്ചമെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

ജംഗ്ഷനുകള്‍, ഫ്‌ളൈഓവറുകള്‍, അണ്ടര്‍ പാസുകള്‍, ഓവര്‍പാസുകള്‍ എന്നിവ ത്രീഡിയിലാണില്‍ കാണിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുമായി മാപ്പിള്‍സ് കരാറിലേര്‍പ്പെട്ടുകഴിഞ്ഞുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് തന്നെ പറയുന്നു. ഇനി ഇന്ത്യന്‍ റെയില്‍വേയില്‍ ഉടനീളം ഇതിന്റെ സേവനം എത്താന്‍ പോകുകയാണ്. ആപ്‌സ്റ്റോറിലും പ്ലേസ്റ്റോറിലും ഇപ്പോള്‍ മാപ്പിള്‍സ് ലഭ്യമാണ്.