ആന്റനാനാരിവോ: ഇരുപതു ദിവസം നീണ്ട ജന്‍ സി പ്രക്ഷോഭത്തിനൊടുവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹമായ മഡഗാസ്‌കറില്‍ പ്രസിഡന്റ് പലായനം ചെയ്തു. സൈന്യം അധികാരം പിടിച്ചെടുത്തു. ജല, വൈദ്യുത ക്ഷാമത്തില്‍ പ്രതിഷേധിക്കുന്നതിനു വേണ്ടി സെപ്റ്റംബര്‍ 25ന് ആരംഭിച്ച ജന്‍ സി മഡഗാസ്‌കര്‍ എന്ന യുവജന മുന്നേറ്റത്തിന്റെ പ്രക്ഷോഭമാണ് അവസാനം വിജയം കണ്ടിരിക്കുന്നത്.
ഏതാനും ദിവസം കൊണ്ട് യുവജന പ്രക്ഷോഭം അഴിമതിക്കും അസമത്വത്തിനുമെതിരേയുള്ള വലിയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവില്‍ ഇതു രാജ്യവ്യാപക പ്രക്ഷോഭമായി വളരുകയും ചെയ്തു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ജനതയാണ് മഡഗാസ്‌കറിലുള്ളത്. അതിനാല്‍ ഈ പ്രക്ഷോഭത്തിന് വലിയ ജനപിന്തുണ കിട്ടുകയും ചെയ്തു.
പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് ആന്‍ഡ്രി രാജോലീന രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ അതിനു മുമ്പുതന്നെ സൈനികര്‍ അഭിസംബോധന പ്രക്ഷേപണം ചെയ്യേണ്ടിയിരുന്ന പ്രക്ഷേപണകേന്ദ്രം പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തു തങ്ങുന്നത് ആപത്താകുമെന്ന തിരിച്ചറിവില്‍ രാജോലീന രഹസ്യ വിമാനത്തില്‍ രാജ്യം വിടുകയായിരുന്നു.

