ബെര്‍ലിന്‍: രോഗാണുക്കളെക്കാള്‍ ഇന്ത്യയില്‍ ആളുകളെ കൊല്ലുന്നത് അണുക്കള്‍ക്ക് യാതൊരു റോളുമില്ലാത്ത കാര്യങ്ങളാണെന്ന് പഠന റിപ്പോര്‍ട്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കം വരെയും ആളെക്കൊല്ലികളായിരുന്ന രോഗാണുക്കള്‍ക്ക് ഇപ്പോള്‍ അത്ര തന്നെ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്നില്ല, പകരം ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളും കാന്‍സറും ഹൃദയസംബന്ധമായ രോഗങ്ങളുമാണ് ഏറ്റവും വലിയ മരണകാരണങ്ങള്‍.
ഇവയില്‍ നല്ലൊരു പങ്കും ഒഴിവാക്കാന്‍ സാധിക്കുന്നതുമാണെന്ന് ജര്‍മനിയിലെ ബര്‍ലിനില്‍ വേള്‍ഡ് ഹെല്‍ത്ത് സമ്മിറ്റിന്റെ ഭാഗമായി പുറത്തിറക്കിയ ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ആ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടുന്നു. ആഗോളാടിസ്ഥാനത്തില്‍ മൂന്നില്‍ രണ്ടു ശതമാനം മരണങ്ങള്‍ക്കും കാരണം രോഗാണുമൂലമല്ലാത്ത മരണങ്ങളാണെന്നും അതേ അനുപാതം തന്നെയാണ് ഇന്ത്യയും പാലിക്കുന്നതെന്നും ഇതില്‍ പറയുന്നു.
ഇത്തരം രോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ജീവിത ശൈലിയുടെ മാറ്റത്തിലൂടെ ഒഴിവാക്കാനും സാധിക്കുന്നതിനാല്‍ ആരോഗ്യ രംഗത്ത് അതിനൊത്തു മാറ്റം വരണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

