സമാധാന കരാറിന്റെ രണ്ടാം ദിനം ഹമാസിന്റെ ക്രൂരത, ഏഴു പേരെ പരസ്യമായി വധിച്ചു

ഗാസ സിറ്റി: ഗാസ സമാധാന കരാര്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേലുമായി സഹകരിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം പലസ്തീനികളെ ഹമാസ് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ സമാധാന കരാറിന്റെ ഭാവി തന്നെ സംശയനിഴലിലായിരിക്കുകയാണ്.

കൈകള്‍ പിന്നിലായി ബന്ധിച്ച് ഏഴു പുരുഷന്‍മാരെ തറയില്‍ മുട്ടിന്‍മേല്‍ നിര്‍ത്തിയിരിക്കുന്നതും പിന്നീട് വെടിവച്ചു കൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. വെടിവയ്പിനു പിന്നാലെ സ്ഥലത്തു കൂടി നില്‍ക്കുന്നവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും വ്യക്തമായി കേള്‍ക്കാം. ഇവരെല്ലാം ഹമാസ് അനുകൂലികളാണെന്ന് ഇതില്‍ നിന്നു വ്യക്തം. ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ശക്തി ക്ഷയിച്ച ഹമാസ് ഇപ്പോള്‍ ഒളിവില്‍ താമസിക്കാന്‍ തുരങ്കങ്ങള്‍ പോലുമില്ലാത്ത അവസ്ഥയിലാണ്.

ഇനി ഗാസയില്‍ പിടി ഉറപ്പിക്കാന്‍ ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്തേണ്ടതാവശ്യമായതിനാലാണ് ഇത്തരം പ്രകോപരനപരമായ പരിപാടി നടപ്പിലാക്കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഹമാസ് വീണ്ടും അക്രമങ്ങളിലേക്കു തിരിയുക എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നീങ്ങുക എന്നുമാണ് അര്‍ഥം. ഇത്തരം സാഹചര്യമുണ്ടായാല്‍ സമാധാന കരാറില്‍ ഒപ്പിട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കു തന്നെ പ്രതിവിധിയും തേടേണ്ടതായി വന്നേക്കാം.