ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് ഹ്യൂണ്ടായിയും, ആദ്യം വരുന്നത് ചെറു കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കുഞ്ഞന്‍ മോഡലുമായി ഇറങ്ങാന്‍ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ഇയോണ്‍, സാന്‍ട്രോ തുടങ്ങിയ ചെറുകാറുകള്‍ പൂര്‍ണമായി പിന്‍വലിച്ചു നില്‍ക്കുന്ന ഹ്യൂണ്ടായ് പകരം ഇലക്ട്രിക് വേരിയന്റില്‍ കുഞ്ഞന്‍ കാറുകള്‍ ഇറക്കി തങ്ങള്‍ക്കു സ്വന്തമായിരുന്ന വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് തയാറെടുക്കുന്നത്.

നിലവില്‍ ഇലക്ട്രിക് കാറുകളില്‍ ഹ്യൂണ്ടായ്ക്കു സാന്നിധ്യമേയില്ല എന്ന കുറവും ഇതുവഴി പരിഹരിക്കാനാകും. ഏറക്കുറേ ടാറ്റയുടെയും എംജിയുടെയും കുത്തകയാണ് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി. ചെറിയ തോതിലാണെങ്കിലും മഹീന്ദ്രയും കളത്തിലുണ്ട്. ഇതിലേക്ക് ഹ്യൂണ്ടായ് ഇറങ്ങുന്നത് യൂറോപ്യന്‍ വിപണിയില്‍ അവര്‍ അവതരിപ്പിച്ച് വിജയിച്ച ഇന്‍സ്റ്റര്‍ ഇവിയുടെ ചുവടുപിടിച്ചായിരിക്കുമെന്നാണ് അറിയുന്നത്. ടാറ്റയുടെ പഞ്ച്, എംജിയുടെ കോമറ്റ് എന്നിവ പ്രചാരം നേടിയിരിക്കുന്ന അതേ സെഗ്മന്റ്‌ലായിരിക്കും ഹ്യൂണ്ടായിയുടെ ചെറു ഇവിയും പൊരുതാനിറങ്ങുന്നത്.