കഫ് സിറപ്പില്‍ കാളകൂടം, ഡോക്ടര്‍ക്കു കിട്ടിയ കമ്മീഷന്‍ ഓരോ കുപ്പിക്കും പത്തു ശതമാനം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പതിനഞ്ച് കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ്‌സിറപ്പ് കുറിച്ചുകൊടുത്ത ഡോക്ടര്‍ക്ക് ഈയിനത്തില്‍ കമ്മീഷനായി കിട്ടിയത് വന്‍തുക. ഓരോ കുപ്പി കഫ്‌സിറപ്പിന്റെയും വിലയില്‍ പത്തു ശതമാനം ഡോ. പ്രവീണ്‍ സോണിക്കുള്ള കമ്മീഷനായിരുന്നുവെന്ന് പോലീസ് പറയുന്നു. ഡോ. പ്രവീണിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. കോടതി ഡോക്ടര്‍ക്ക് ജാമ്യം നിഷേധിച്ചു.

തമിഴ്‌നാട് ആസ്ഥാനമായ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഈ കഫ് സിറപ്പ് നിര്‍മിച്ചിരുന്നത്. അശേഷം വൃത്തിയില്ലാത്ത സാഹചര്യത്തില്‍ സുരക്ഷയുടെ സര്‍വ സങ്കല്‍പങ്ങളെയും കാറ്റില്‍ പറത്തിയായിരുന്നു ഈ മരുന്ന് കമ്പനിയുടെ പ്രവര്‍ത്തനമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ഗവണ്‍മെന്റ് സ്ഥാപനം അടച്ചു പൂട്ടിച്ചിരുന്നു.

ഡോ. പ്രവീണിന്റെ മാത്രം ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനഞ്ച് കുട്ടികളാണ് ചുമമരുന്നിന്റെ ഫലമായി വൃക്കതകരാറിലായി മരിച്ചത്. ഡോക്ടറുടെ ബന്ധുക്കള്‍ക്ക് മരുന്നു കടയുണ്ട്. അവിടെനിന്നുള്ള മരുന്നകള്‍ മാത്രമാണ് രോഗികള്‍ക്കു കൊടുത്തിരുന്നത്. സംഭവത്തില്‍ ഡോക്ടര്‍ക്കു പുറമെ മരുന്നു നിര്‍മാതാവ് ജി രംഗനാഥനും അറസ്റ്റിലായിട്ടുണ്ട്.