ഹമാസിന്റെ കൈവശമായിരുന്ന നാലു മൃതദേഹങ്ങളെ ജന്മനാട് ഏറ്റുവാങ്ങി

സിഡ്‌നി: രണ്ടു വര്‍ഷം മുമ്പ് ഒക്ടോബര്‍ ഏഴുവരെ പൂര്‍ണസ്വതന്ത്രരായി ഇസ്രയേലിലുണ്ടായിരുന്ന നാലുപേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തി, ചേതനയറ്റ ശരീരങ്ങളായി പെട്ടിയിലായിരുന്നെന്നു മാത്രം. ജീവനോടെ ശേഷിച്ചിരുന്ന ബന്ദികളെ മോചിപ്പിച്ച ശേഷം ഹമാസ് മടക്കിയെത്തിച്ച മൃതദേഹങ്ങളുടെ ആദ്യ ബാച്ച് ആയിരുന്നു അത്. ഇസ്രയേലിലേക്ക് പൂര്‍ണ ബഹുമതികളോടെയാണിവരുടെ ഭൗതിക ശരീരം സ്വീകരിച്ചത്. ഇസ്രയേല്‍ സൈന്യമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും ഇസ്രയേല്‍ സെക്യുരിറ്റി എജന്‍സിയും മൃതദേഹ പേടകങ്ങള്‍ക്ക് അകമ്പടി സേവിച്ചു. ഇവരുടെ ശരീരങ്ങള്‍ അതിര്‍ത്തി കടക്കുന്നതിനു മുമ്പുതന്നെ പെട്ടികളില്‍ ഇസ്രേലി പതാകകള്‍ പുതപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ ബൈബിളില്‍ നിന്നുള്ള സങ്കീര്‍ത്തനങ്ങളുടെ ആലാപനത്തോടെയാണ് ജന്മനാട് ഇവരെ സ്വീകരിച്ചത്. ഇവരുടെ ഭൗതിക ശരീരങ്ങള്‍ ഇനി ഡിഎന്‍എ പരിശോധന നടത്തി ആരുടേതെന്നു തീരുമാനിച്ച ശേഷമായിരിക്കും ബന്ധുക്കളെ അറിയിക്കുക. ദാനിയല്‍ പെരട്‌സ്, യോസി ഷറാബി, ഗൈ ഇല്ലൗസ്, ബിപിന്‍ ജോഷി എന്നിവരുടെ മൃതദേഹങ്ങളാണ് കൊടുത്തയയ്ക്കുന്നതെന്നാണ് ഹമാസ് വെളിപ്പെടുത്തിയിരിക്കുന്നത്.