മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന് അനുമതി, 16ന് പുറപ്പെടും നവം. ഒന്നിന് മടക്കം

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് അവസാനം അനുമതി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രാപരിപാടിയില്‍ നിന്ന് സൗദി ഒഴിവാക്കേണ്ടി വരും. സൗദി യാത്രയ്ക്കു മാത്രം അനുമതിയില്ല. ഈ മാസം പതിനാറിന് തിരുവനന്തപുരത്തു നിന്നു യാത്ര തിരിക്കുന്ന മുഖ്യമന്ത്രി നവംബര്‍ ഒന്നിനു തിരിച്ചെത്തും. ബഹ്‌റിന്‍, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളായിരിക്കും സന്ദര്‍ശിക്കുക. ഗള്‍ഫില്‍ എത്തുന്ന ആദ്യ ദിവസം തന്നെ പരിപാടിയുണ്ട്. ബഹ്‌റിന്‍ കേരള സമാജത്തിലാണിത്. പ്രവാസികള്‍ക്കായി കേരളത്തിലെ ഗവണ്‍മെന്റ് നടപ്പാക്കിയിരിക്കുന്ന വിവിധ പദ്ധതികളും ക്ഷേമ കാര്യങ്ങളും വിശദീകരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. നോര്‍ക്ക, മലയാളം മിഷന്‍ എന്നിവയുടെയും പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം യാത്രചെയ്യുന്നതിന് മന്ത്രി സജി ചെറിയാന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്കും അനുമതിയുണ്ട്. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് ആദ്യം കേന്ദ്ര വിദേശ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അതേ തുടര്‍ന്ന് നിലനിന്ന് അനിശ്ചിതത്വമാണ് സൗദി ഒഴികെയുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചതോടെ മാറിയിരിക്കുന്നത്.