കൊച്ചിയുടെ ടൂറിസ്റ്റ് ആകര്‍ഷണമായി ചെല്ലാനം-പുത്തന്‍തോട് നടപ്പാത, ഏഴര കിലോമീറ്റര്‍ നീളം

കൊച്ചിയുടെ ഏറ്റവും പുതിയ ടൂറിസ്റ്റ് ആകര്‍ഷണമായി ചെല്ലാനം കടപ്പുറത്തെ നടപ്പാത മാറുന്നു. ഓരോോ അവധിക്കും കേരളത്തിലെത്തുന്ന പ്രവാസികളും ആഭ്യന്തര ടൂറിസ്റ്റുകളും കൊച്ചിയില്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന ലൊക്കേഷനായി ഈ നടപ്പാത മാറിയിരിക്കുകയാണ്. ചെല്ലാനം പഞ്ചായത്തില്‍ നിര്‍മിച്ചിരിക്കുന്ന ടെട്രോപോഡ് കടല്‍ഭിത്തിക്കു മുകളിലൂടെയാണ് ഏഴര കിലോമീറ്ററോളം നീളമുള്ള നടപ്പാത സ്ഥാപിച്ചിരിക്കുന്നത്. പലയിടങ്ങളില്‍ നിന്നായി ഇതിലേക്ക് കയറാനും ഇറങ്ങാനും പടവുകള്‍ ക്രമീകരിച്ചിട്ടുമുണ്ട്. 344 കോടി രൂപ ചെലവില്‍ കിഫ്ബിയാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെയാണ് ഈ നടപ്പാതയുള്ളത്. രണ്ടരമീറ്റര്‍ വീതിയാണ് എല്ലായിടത്തും. ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകര്‍ഷണം കടല്‍ക്കാറ്റു കൊണ്ടു നടക്കുന്നതും ചൂണ്ടയിട്ടു മീന്‍ പിടിക്കുന്നതുമാണ്. ചൂണ്ടയിടുന്നവര്‍ക്കെല്ലാം നല്ല തോതില്‍ മീനിനെ കിട്ടുന്നുമുണ്ട്.