ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നു, വാണിജ്യ, യാത്രാ വാഹനങ്ങള്‍ക്ക് വെവ്വേറെ കമ്പനികള്‍ വരുന്നു

വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വിഭജിച്ച് രണ്ടു വ്യത്യസ്ത കമ്പനികളാക്കുന്നു. വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു കമ്പനിയും ഇലക്ട്രിക് അടക്കമുള്ള യാത്രാവാഹനങ്ങള്‍ക്ക് മറ്റൊരു കമ്പനിയും എന്ന നിലയിലാണ് വിഭജനം. കമ്പനി വിഭജിക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെയും നിക്ഷേപകരുടെയും അനുമതി ലഭിച്ചിരുന്നു. ടിഎംഎല്‍ കോമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എന്നിങ്ങനെയായിരിക്കും പുതുതായി രൂപീകരിക്കുന്ന കമ്പനികളുടെ പേരുകള്‍. രണ്ടു കമ്പനികളും ഓഹരി വിപണിയില്‍ വെവ്വേറെ ലിസ്റ്റ് ചെയ്യപ്പെടും. വിഭജനം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ടാറ്റ മോട്ടോഴ്‌സ് ഓഹരി ഉടമകള്‍ക്ക് ഒരു ഓഹരി സൗജന്യമായി ലഭിക്കും. ടാറ്റ മോട്ടോഴ്‌സിന്റെ നൂറ് ഓഹരികള്‍ ഒരാള്‍ക്ക് കൈവശമുണ്ടെങ്കില്‍ അവര്‍ക്ക് ടിഎംഎല്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ നൂറ് ഓഹരികള്‍ സൗജന്യമായി ലഭിക്കുമെന്നര്‍ഥം. ഒക്ടോബര്‍ പതിനാലിനകം ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ സ്വന്തമാക്കുന്ന എല്ലാവര്‍ക്കും ഇത്തരത്തില്‍ അവകാശ ഓഹരികള്‍ ലഭിക്കും.