രണ്ടു വര്‍ഷം മുമ്പ് ഹമാസ് ബന്ദികളായി പിടിച്ചുകൊണ്ടു പോയ ഇസ്രേലികളില്‍ ഇപ്പോഴും ജീവനോടെയിരിക്കുന്ന ഇരുപതു പേരെയും ഹമാസ് മോചിപ്പിച്ചു. അന്നു മുതല്‍ നടന്നു പോരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ബന്ദികളുടെ മോചനം നടന്നിരിക്കുന്നത്. മോചിപ്പിക്കപ്പെട്ട ബന്ദികളെ വൈദ്യപരിശോധനയ്ക്കാണ് ആദ്യമായി കൊണ്ടുപോയത്. അതിനു ശേഷമായിരിക്കും ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുക. എല്ലാവരെയും ഗാസയിലുള്ള റെഡ്‌ക്രോസിന്റെ പക്കലാണ് ഹമാസ് ഏല്‍പിച്ചത്. അവരില്‍ ഏഴുപേരെ റെഡ്‌ക്രോസ് ഇസ്രയേലിനു കൈമാറി. ശേഷിക്കുന്നവരെയും ഉടന്‍ കൈമാറുന്നതാണ്. ഇതിനകം ഹമാസിന്റെ തടവറയില്‍ ജീവന്‍ നഷ്ടപ്പെട്ട 28 പേരുടെ മൃതദേഹവും കരാര്‍ പ്രകാരം ഇസ്രയേലിനു കൈമാറേണ്ടതുണ്ട്. എന്നാല്‍ എന്നത്തേക്കായിരിക്കും മൃതദേഹങ്ങളുടെ കൈമാറ്റം എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ബന്ദികളുടെ കൈമാറ്റം ഇസ്രയേലിലെങ്ങും വലിയ ടെലിവിഷന്‍ സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേല്‍ തടങ്കലില്‍ വച്ചിരിക്കുന്ന 1900 പാലസ്തീന്‍കാരെയും മോചിപ്പിക്കുന്നതാണ്.
ജീവനോടെയുള്ള ബന്ദികള്‍ മോചിതരായി, ഇസ്രയേലിലെങ്ങും ആനന്ദക്കണ്ണീരോടെ ജനം

