വിശാഖപട്ടണം: വനിതകളുടെ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയോടാണ് ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് എന്ന തകര്‍പ്പന്‍ വിജയലക്ഷ്യം ഒരു ഓവറും മൂന്നു വിക്കറ്റും ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. 107 പന്തുകളില്‍ നിന്ന് 142 റണ്‍സിന്റെ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസ് ടീമിന്റെ വിജയശില്പി. വനിതകളുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ചേസിനു കൂടിയാണ് ഈ മത്സരം സാക്ഷിയായത്.
ഓപ്പണര്‍മാരായ അലീസ ഹീലി-ഫീബി ലിച്ഫീല്ട് ജോടി 85 റണ്‍സിന്റെ മികച്ച തുടക്കമാണ് ഓസീസ് ടീമിനു സമ്മാനിച്ചത്. പരിക്കേറ്റു മടങ്ങിയെങ്കിലും പിന്നീട് തിരികെയെത്തിയ എലീസ് പെറി 47 റണ്‍സ് നേടിയതോടെ ഓസീസിനു വിജയം കൈപ്പിടിയിലൊതുങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 330 റണ്‍സിന് ഓള് ഔട്ടായി. 30 ഓവര്‍ പിന്നിടുമ്പോഴും ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് മാത്രമായിരുന്നു നഷ്ടമായിരുന്നത്. എന്നാല്‍ പിന്നീട് അതേ മികവ് നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല ഒന്നിനു പിന്നാലെ ഒന്നായി വിക്കറ്റുകളെല്ലാം വീഴുകയും ചെയ്തു. ഓപ്പണര്‍മാര്‍ നല്കിയ മികച്ചതില്‍ മികച്ചതായ തുടക്കം അതേ ടെമ്പോയില്‍ നിലനിര്‍ത്താന്‍ മധ്യനിരയ്ക്കും വാലറ്റക്കാര്‍ക്കും സാധിച്ചിരുന്നെങ്കില്‍ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു. ഓപ്പണര്‍മാരായ പ്രതീക റാവല്‍-സ്മൃതി മന്ദാന കൂട്ടുകെട്ട് ഇന്തയ്ക്കു സമ്മാനിച്ചത് 155 റണ്‍സാണ്. മന്ദാനയെ പുറത്താക്കിയ സതര്‍ലാന്‍ഡാണ് ഈ കുട്ടുകെട്ട് പൊളിച്ചത്. പിന്നീടു വന്ന ഹാര്‍ലിന്‍ ഡിയോള്‍ 38 റണ്‍സ് നേടി പ്രതീകയ്ക്കു പിന്തുണയേകിയെങ്കിലും പ്രയോജനമുണ്ടായില്ല. 192ന് ഒന്ന് എന്ന നിലയില്‍ നിന്ന് 18.5 ഓവറുകളില്‍ നിന്ന് 138 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകളാണ് വീണത്.
നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നു നാലു പോയിന്റ് നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. ഇനി ഇംഗ്ലണ്ട്, ന്യൂസീലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.
സ്മൃതി മിന്നിച്ചു, അലീസ അടിച്ചു പൊളിച്ചു, ഓസ്ട്രേലിയയോട് ഇന്ത്യ കളിച്ചു തോറ്റു

