അടിയും തിരിച്ചടിയുമായി അഫ്ഗാന്‍-പാക് ബന്ധം ഉലയുന്നു, ഇരുപക്ഷത്തും ആള്‍നാശം

കാബൂള്‍: അയല്‍വക്ക രാഷ്ട്രീയത്തില്‍ ഇന്ത്യ ഇടപെടാന്‍ തുടങ്ങിയതോടെ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ബന്ധം അതിവേഗം ഉലയുന്നു. ഓരോ ദിവസവും ഇരു രാഷ്ട്രങ്ങളും പരസ്പരമുള്ള ഏറ്റുമുട്ടലിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ വിദേശ കാര്യമന്ത്രിക്ക് ഡല്‍ഹിയില്‍ കിട്ടിയ ഊഷ്മളമായ സ്വീകരണം അഫ്ഗാനെ കരുത്ത് പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ സൈനിക നടപടികളിലൂടെ ഈ മേഖലയിലെ മേധാവിത്വം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. അടിയും തിരിച്ചടിയുമാണ് കഴിഞ്ഞ രണ്ടു ദിവസമായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമിടയിലുള്ളത്.
വെള്ളിയാഴ്ച രാത്രി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനു തൊട്ടടുത്തു വരെ പാക്കിസ്ഥാന്‍ വളരെ പ്രകോപനകരമായ രീതിയില്‍ വ്യോമാക്രമണം നടത്തിയതിന് രൊക്കമേ അഫ്ഗാന്‍ തിരിച്ചടി കൊടുത്തത് അതിര്‍ത്തിയിലെ ചെക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു. ബഹ്‌റാംപൂര്‍ ജില്ലയിലെ ഡ്യുറന്‍ഡ് ലൈനിനു സമീപം അഫ്ഗാന്‍ സേന നടത്തിയ മിന്നലാക്രമണത്തില്‍ അമ്പത്തെട്ട് പാക്കിസ്ഥാന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാക്കിസ്ഥാന്റെ മൂന്നു സൈനിക ഔട്ട്‌പോസ്റ്റുകള്‍ അഫ്ഗാന്‍ സേന പിടിച്ചെടുക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം ഇതിനു തിരിച്ചടി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുകയും ചെയ്തു. ഇതും അതിര്‍ത്തി പ്രദേശങ്ങളില്‍ തന്നെയായിരുന്നു. ഇരുനൂറിലേറെ തീവ്രവാദികളെയും സൈനികരെയും വധിച്ചുവെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. അവകാശവാദങ്ങള്‍ കൃത്യമാണെങ്കിലും അല്ലെങ്കിലും അടിയും തിരിച്ചടിയും തുടരുന്നത് ഈ മേഖലയ്ക്കാകെ അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്.