ഗാസ സിറ്റി: രണ്ടു വര്‍ഷവും അഞ്ചു ദിവസവും നീണ്ടു നിന്ന ദുരിത ജീവിതത്തിനു ശേഷം ഇസ്രേലി ബന്ദികള്‍ ഇന്നു മോചിതരാവും. അന്നു ഹമാസിന്റെ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട് ഏതൊക്കെയോ നിലവറകളിലും തുരങ്കങ്ങളിലുമായി ഇത്രയും നാള് കഴിഞ്ഞതിനു ശേഷം എത്ര പേരായിരിക്കും ഇന്നു സ്വദേശത്തേക്കും സ്വഭവനത്തിലേക്കും എത്തുകയെന്നു പറയാനായിട്ടില്ല. ട്രംപിന്റെ സമാധാന പദ്ധതിയുടെ ഭാഗമായ ഉച്ചകോടി ഈജിപ്റ്റില്‍ നടക്കുന്നതും ഇന്നു തന്നെയാണ്. ഇതേ പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ തടവറകളില്‍ കഴിയുന്ന ഹമാസ്, ഫതഹ് തടവുകാരുടെ മോചനം നാളെയാണ് നടക്കുന്നത്. 250 തടവുകാരെ നാളെ മോചിപ്പിക്കുമെന്നാണ് ഇസ്രയേല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഗാസയിലേക്കുള്ള പലസ്തീനികളുടെ മടക്കയാത്ര ഇപ്പോഴും തുടരുകയാണ്. ഇതുവരെ ഇസ്രയേല്‍ തടഞ്ഞിരുന്ന ഭക്ഷ്യസഹായ വിതരണവും പുനരാരംഭിച്ചിട്ടുണ്ട്. ഗാസയിലേക്കുള്ള അഞ്ച് അതിര്‍ത്തികള്‍ പൂര്‍ണമായും തുറന്നു കൊടുക്കാനും ഇസ്രയേല്‍ സന്നദ്ധമായിട്ടുണ്ട്. തുറന്ന അതിര്‍ത്തികളിലൂടെ പതിനേഴു ലക്ഷം ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ ഗാസയില്‍ ഇതിനകം എത്തിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്നദ്ധ സംഘടനകളും മറ്റും സംഭരിച്ച് അയച്ച സാധനങ്ങളാണിവ. ഗാസയ്ക്ക് ആവശ്യമായി വൈദ്യസഹായവും പരിമിതമായ തോതില്‍ എത്തിയിരുന്നെങ്കിലും കൂടുതല്‍ കാര്യക്ഷമമാകുന്നത് ഇന്നോടെയായിരിക്കുമെന്നു പറയുന്നു.
അതേസമയം ഇന്നത്തെ സമാധാന ഉച്ചകോടിയില്‍ ഹമാസ് പങ്കെടുക്കുമോ, ഇസ്രയേലിന്റെയും ഹമാസിന്റെയും സാന്നിധ്യം ഉറപ്പാണോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. അതുപോലെ അവ്യക്തത നിലനില്‍ക്കുന്നതാണ് വെടിനിര്‍ത്തലിനപ്പുറം ട്രംപിന്റെ സമാധാന പദ്ധതിയില്‍ വരുന്ന തുടര്‍ നടപടികളും. അതില്‍ ഗാസയിലെ ഭരണം ഹമാസ് കൈയൊഴിയുന്നതു പോലെയുള്ള കാര്യങ്ങള്‍ നടക്കുമോയെന്ന കാര്യത്തിലും ആര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥയാണ്.
ഇസ്രേലി ബന്ദികള്‍ക്ക് ഇന്നും ഹമാസ് തടവുകാര്‍ക്ക് നാളെയും മോചനം, സമാധാന ഉച്ചകോടി ഇന്ന്

