പതിനാലുകാരിക്ക് വിവാഹ നിശ്ചയം, മലപ്പുറം കാടാമ്പുഴയില്‍ ശൈശവ വിവാഹത്തിന് കേസ്

മലപ്പുറം: ശൈശവ വിവാഹത്തിന് മലപ്പുറത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരേ കേസ്. കേവലം പതിനാലു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് മുറച്ചെറുക്കനായ യുവാവുമായാണ് വിവാഹം ഉറപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ ഇരുപത്തിരണ്ടു വയസുള്ള യുവാവുമായുള്ള വിവാഹനിശ്ചയം ആഘോഷമായി ശനിയാഴ്ച നടന്നിരുന്നു. ഇതു കഴിഞ്ഞയുടന്‍ പോലീസിനു വിവരം ലഭിക്കുകയും ചെയ്തു. ഉടന്‍ തന്നെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ശൈശവ വിവാഹം ഇന്ത്യയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നതും കടുത്ത ശിക്ഷ ഉറപ്പാക്കിയിരിക്കുന്നതുമായ കുറ്റകൃത്യമാണ്. മലപ്പുറം ജില്ലയില്‍ കാടാമ്പുഴയ്ക്കടുത്ത് മാറാക്കര മരവട്ടം സ്വദേശിനിയാണ് പെണ്‍കുട്ടി. പത്തുപേര്‍ക്കെതിരേയാണ് കേസ്. പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ ജില്ലാ വനിതാ-ശിശു ക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.