പൂനെ: കൂലിപ്പണിക്കാരന്റെ മകള്‍, മണ്കുടിലില് താമസം, മൂന്നര കിലോമീറ്റര്‍ നടന്നു ചെന്ന് ബസ് കയറി സ്കൂളിലേക്കു യാത്ര, വീട്ടിലാര്‍ക്കും സ്മാര്‍ട്ട്ഫോണ്‍ പോലുമില്ല, സ്കൂളിലാണെങ്കില്‍ കംപ്യൂട്ടറില്ല, ജീവിതത്തില്‍ ഇന്നുവരെ ട്രെയിനില്‍ പോലും കയറിയിട്ടില്ല, എന്നിട്ടും അദിതി പാര്‍ഥെ എന്ന ഏഴാംക്ലാസുകാരി നാസയിലേക്ക് വിമാനം കയറുകയാണ്. മഹാരാഷ്ട്രയിലെ നിഗുഡഘര് ജില്ലാ പരിഷത് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഈ പന്ത്രണ്ടുകാരി.

ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് ഇരുപത്തഞ്ച് കുട്ടികളെ തിരഞ്ഞെടുത്ത് ബഹിരാകാശ ഗവേഷണത്തിലെ മികവിന്റെ കേന്ദ്രങ്ങളിലേക്ക് സന്ദര്ശനമൊരുക്കുന്നതിനു പദ്ധതി തയാറാക്കിയിരുന്നു. ആകെ 75 വിദ്യാര്‍ഥികളെയാണ് ഇതില്‍ തിരഞ്ഞെടുത്തിരുന്നത്. അതില്‍ അമ്പതു പേര്‍ക്ക് തിരുവനന്തപുരത്തെ ഐഎസ്ആര്‍ഓ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. യോഗ്യതാ പരീക്ഷയില്‍ ഏറ്റവും മുന്നിലെത്തിയ ഇരുപത്തഞ്ച് പേര്‍ക്ക് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ സന്ദര്‍ശിക്കുന്നതിനായിരുന്നു അവസരം. അതിലാണ് അദിതിയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. അതില്‍ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 235 വിദ്യാര്‍ഥികള്‍. സയന്‍സ് വിഷയങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷ നടത്തിയത്. സ്കൂളില്‍ കംപ്യൂട്ടറില്ലാത്തതിനാല്‍ ഹെഡ്മാസ്റ്റര് തന്റെ സ്വന്തം ലാപ്ടോപ്പ് അദിതിക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കൊടുക്കുകയായിരുന്നു. അങ്ങനെ കടംകൊണ്ട ലാപ്ടോപ്പില്‍ പരീക്ഷയെഴുതിയ അദിതി ആദ്യ ഇരുപത്തഞ്ചു പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. യാത്രയുടെ തീയതി തീരുമാനമാകാനിരിക്കുന്നതേയുള്ളൂ.

