സഞ്ജു സാംസന്‍ ഇനി എങ്ങോട്ട്, രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹം ശക്തം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാസന്‍ ടീം വിടുമെന്ന പ്രചാരണം ശക്തമാകുന്നു. കഴിഞ്ഞ പന്ത്രണ്ട് ഐപിഎല്‍ സീസണുകളിലായി രാജസ്ഥാനൊപ്പമാണ് സഞ്ജു ക്രീസിലിറങ്ങുന്നത്. സഞ്ജുവിന്റെ ടീം മാറ്റം സംബന്ധിച്ച് താരത്തിന്റെ പക്കല്‍ നിന്നോ ടീമിന്റെ പക്കല്‍ നിന്നോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പുതിയ മെച്ചപ്പെട്ട ഓഫറുകള്‍ക്കായി സഞ്ജു കാത്തിരിക്കുകയാണെന്ന സൂചനകളാണ് എങ്ങും പരക്കുന്നത്. വിക്കറ്റ് കീപ്പറായും ബാറ്റസ്മാനായുമാണ് സഞ്ജുവിന്റെ മികച്ച പ്രകടനം ടീമിനു മുതല്‍ക്കൂട്ടായിരുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാള്‍ കൂടിയാണ് മലയാളിയായ സഞ്ജു. എന്നാല്‍ അണിയറയില്‍ രാജസ്ഥാന്‍ റോയല്‍സ് പുതിയ ക്യാപ്റ്റനെ തിരയുന്നതിന്റെ സൂചനകള്‍ കിട്ടുന്നുണ്ട്. സഞ്ജു എവിടേക്കു കൂടുമാറുമെന്നതില്‍ അഭ്യൂഹങ്ങളും ധാരാളം. ഏറ്റവും കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്നത് ചെന്നെ സൂപ്പര്‍ കിങ്‌സിന്റെ പേരാണ്. എം എസ് ധോനിയുമായി സഞ്ജുവിന് വ്യക്തിപരമായി മികച്ച അടുപ്പമുള്ളതാണ് ഇതിനു കാരണമായി പറയുന്നത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും സഞ്ജുവിനായി ചാക്കുമായി ഇറങ്ങിയിട്ടുണ്ടെന്നും കളിക്കളത്തിനു പുറത്തെ ഊഹാപോഹങ്ങളിലുണ്ട്.