വാഹന ഡീലറുടെ കൊലപാതകം ‘ലേഡി ഗോഡ്‌സെ’ പൂജ ശകുന്‍ പാണ്ഡേ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗാന്ധി വധം പുനരാവിഷ്‌കരിച്ചുകൊണ്ട് ഗാന്ധി ചിത്രത്തിനു നേരെ പല റൗണ്ട് വെടിവച്ച് വിവാദനായികയായി മാറിയ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡേ കൊലപാതക കേസില്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 23ന് അലിഗഡില്‍ വാഹനഡീലറെ വെടിവച്ചുകൊന്ന കേസിലാണ് ഇവരുടെ അറസ്റ്റ്. പൂജയുടെ ഭര്‍ത്താവും രണ്ടു വാടകകൊലയാളികളും ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അന്നു മുതല്‍ പൂജ ഒളിവില്‍ തുടരുകയായിരുന്നു. ഗാന്ധി ചിത്രത്തിനു നേരെ വെടിവച്ചതു മുതല്‍ ലേഡി ഗോഡ്‌സെ എന്ന പേരിലാണ് പൂജ അറിയപ്പെട്ടിരുന്നത്. ഇരുചക്ര വാഹന ഷോറൂം ഉടമയായിരുന്ന അഭിഷേക് ഗുപ്ത ഹാഥറസിലേക്കു യാത്ര ചെയ്യവേയാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈ കേസില്‍ ആദ്യം അറസ്റ്റിലായത് വാടക കൊലയാളികളായ മൊഹാദ് ഫൈസലും ആസിഫുമായിരുന്നു. ഇവരെ ചോദ്യം ചെയ്യപ്പോഴാണ് കൊലയ്ക്ക് പിന്നില്‍ പൂജയുടെയും ഭര്‍ത്താവിന്റെയും മുന്‍വൈരാഗ്യമാണ് കാരണമെന്നറിയുന്നത്. അഞ്ചു ലക്ഷം രൂപയാണ് കൊലപാതകത്തിനായി വാടക കൊലയാളികള്‍ക്ക് ഇവര്‍ കൊടുത്തത്.