പറക്കുന്ന വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടല്‍, ചെന്നൈയില്‍ ഒഴിവായത് വന്‍ ദുരന്തം

ചെന്നൈ: മധുരയില്‍ നിന്നു ചെന്നൈയിലേക്ക് പറന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ കോക്പിറ്റിനു മുന്നിലെ ചില്ലില്‍ പൊട്ടല്‍ കണ്ടെത്തിയത് വന്‍ പരിഭ്രാന്തിക്കു കാരണമായി. കഴിഞ്ഞ ദിവസം എഴുപത്താറ് യാത്രക്കാരുമായി ചെന്നൈയിലെത്തിയ വിമാനം ലാന്‍ഡു ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പൊട്ടലുണ്ടാകുന്നത്. ആകാശത്തു വച്ചായിരുന്നു പൊട്ടലുണ്ടായിരുന്നതെങ്കില്‍ വലിയ ദുരന്തത്തിനു കാരണമായി ഇതു മാറുമായിരുന്നു. ചില്ല് പൊട്ടിയതായി കണ്ടെത്തിയ ഉടന്‍ പൈലറ്റ് വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു. ഇതോടെ വിമാനം തുടര്‍ന്നുള്ള പറക്കലിന് ഉപയോഗിക്കാതെ ബേയിലേക്കു മാറ്റി. പൊട്ടല്‍ ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ചു വരികയാണ്.