വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നാണ് കളിവാശി, ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നു

വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ ടീമുകള്‍ തമ്മില്‍ തീപാറുന്ന പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇതുവരെ ആരോടും തോല്‍ക്കാതെ അതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുമ്പോള്‍ ആതിഥേയരായ ഇന്ത്യയ്ക്ക് ജയം കൂടിയേ തീരൂ, കാരണം കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോടു തോറ്റതിന്റെ ക്ഷീണം മാറ്റുന്നതിനൊപ്പം മുന്നോട്ടുള്ള പ്രയാണത്തിന് ഈ ജയത്തിന്റെ ആത്മവിശ്വാസവും ആവശ്യമാണ്.
ഇന്ത്യന്‍ ടീമിലെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം പെട്ടെന്നു ഫോം നഷ്ടപ്പെട്ടവരായി മാറിയതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാക്കിസ്ഥാനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയുമൊക്കെ കളിച്ചപ്പോഴുള്ള പവര്‍ പ്ലേ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇവരുടെ ബാറ്റിലെത്തിയതേയില്ല. സീനിയര്‍ താരങ്ങളായ സ്മൃതി മന്ഥാന, ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗ്‌സ് എന്നിവരില്‍ ആര്‍ക്കും ഇപ്പോള്‍ പഴയ ഫോം സൂക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇന്ത്യ രണ്ടു മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ പോലും മികച്ച സ്‌കോര്‍ നല്കിയത് വാലറ്റക്കാരുടെ പ്രകടനം മാത്രമായിരുന്നു. അതേസമയം ഓസ്‌ട്രേലിയ ആകട്ടെ ക്രിക്കറ്റ് ആഘോഷിച്ചു കളിക്കുകയാണ്. തുടക്കം മുതല്‍ അവസാനം വരെയുള്ള ടീം അംഗങ്ങളെല്ലാം ഒന്നിനൊന്നു ചേര്‍ന്നു പോകുന്നു. ഇതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്നു നടക്കാന്‍ പോകുന്നത്. അതിന്റെ സൂചനയെന്നോണം ഒരൊറ്റ ടിക്കറ്റ് പോലും ബാക്കിയില്ലാതെ വിറ്റു തീര്‍ന്നിരിക്കുകയാണ്.