ചേന്ദമംഗലം തറികളിലെ ജീവിതം ബാഗ്ദാദ് നാടകോത്സവത്തില്‍, എത്തിക്കുന്നത് റിമ കല്ലിങ്കല്‍

കൊച്ചി: ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയില്‍ ചേന്ദമംഗലത്തെ നെയ്ത്തു ജീവിതത്തെ നൃത്തരൂപത്തില്‍ അരങ്ങിലെത്തിക്കാന്‍ നര്‍ത്തകിയും നടിയുമായ റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് കമ്പനി. ചൊവ്വാഴ്ചയാണ് നെയ്ത്തിന്റെ നൃത്തം എന്നര്‍ഥം വരുന്ന നെയ്‌തെ അരങ്ങിലെത്തുന്നത്. നെയ്ത്തിന്റെ ശാരീരിക ചലനങ്ങളും ഉപകരണങ്ങളും താളവുമൊക്കെയാണ് നൃത്തവേദിയിലുമെത്തുന്നത്. 2018ലെ പ്രളയത്തില്‍ സ്വപ്‌നങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയൊരു ജനതയുടെ അതിജീവനത്തിന്റെയും ഇച്ഛാശക്തിയുടെയും കഥയാണ് ഇതിലൂടെ ആവിഷ്‌കരിക്കുന്നത്. ഈ നൃത്ത ശില്‍പത്തിന് 35 മിനിറ്റാണ് ദൈര്‍ഘ്യം. എട്ടു നര്‍ത്തകരാണ് അരങ്ങിലെത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരളത്തിലെ നാടോടി നൃത്തരൂപങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വിവിധ അംശങ്ങള്‍ കോര്‍ത്തിണക്കിയ ഫ്യൂഷന്‍ നൃത്തരൂപമാണ് നെയ്‌തെയുടേത്. പശ്ചാത്തല സംഗീതത്തിനൊപ്പം തറികളുടെ ശബ്ദവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബാഗ്ദാദിലെത്തുന്നതിനു മുമ്പ് ഇറ്റലിയിലെ മിലാന്‍, റഷ്യയിലെ മോസ്‌കോ, അമേരിക്കയിലെ ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഇത് അരങ്ങിലെത്തിയിരുന്നു. എല്ലായിടത്തും ഏറെ പ്രേക്ഷക പ്രശംസയും ലഭിച്ചു. മിലനില്‍ നിന്ന് തിയേറ്ററോ ന്യൂഡോ ഇന്റര്‍ നാഷണല്‍ പുരസ്‌കാരവും ഇതിനു ലഭിച്ചിരുന്നു.